Kollam Local

ആസമിലെ വനത്തില്‍ മരണപ്പെട്ട ജവാന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിവേണം : എംപി



കൊല്ലം: ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് ഫോഴ്‌സില്‍ ജോലി ചെയ്യവെ മരണപ്പെട്ട ജവാനായ കൊല്ലം കുണ്ടറ കച്ചേരിമുക്ക് നെടുവിള വീട്ടില്‍ എം എസ് മിഥുന്റെ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് ഫോഴ്‌സ് ഡയറക്ടര്‍ ജനറലിനും ഇ-മെയില്‍ സന്ദേശം നല്‍കി. മിഥിന്റെ വീട് എംപി സന്ദര്‍ശിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി മിഥിന്‍ ജോലി ചെയ്തിരുന്ന 49 ബറ്റാലിയന്‍ കമാന്‍ഡന്റ്് ദിനേശ്കുമാറുമായും കണ്‍ട്രോള്‍ റൂം കമാന്‍ഡന്റ് ദീപക് കുമാറുമായും ഫോണില്‍ ബന്ധപ്പെട്ടു. റോഡ് ഗതാഗതമുള്ള സ്ഥലമായ ആന്‍ഡ്രങില്‍ നിന്നും എഴുപത്തിനാല് കിലോമീറ്റര്‍ ഉള്ളില്‍ വനത്തിനുള്ളില്‍ വച്ച് മരണം സംഭവിച്ചതിനാല്‍ ഹെലികോപ്ടറിന്റെ സഹായത്തോടെ മാത്രമേ മൃതദേഹം തൊട്ടടുത്ത എയര്‍പോര്‍ട്ടിലെത്തിക്കുവാന്‍ കഴിയുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്ടറുകള്‍ സജ്ജമാണെങ്കിലും പ്രതികൂലമായ കാലാവസ്ഥ കാരണം മൃതദേഹം എടുക്കുവാന്‍ കഴിയാത്ത സാഹചര്യമാണ്. ദൗത്യം പൂര്‍ത്തിയാക്കാന്‍ പത്ത് ജവാന്‍മാരെ പ്രത്യേകമായി ഡ്യൂട്ടിയില്‍ നിയോഗിച്ചിട്ടുണ്ടെന്നും കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ തന്നെ ഹെലികോപ്ടറില്‍ മൃതദേഹം തൊട്ടടുത്തുള്ള അസമിലെ ഡിബ്രൂഗാര്‍ഹ് എയര്‍പോര്‍ട്ടില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു. കാലാവസ്ഥ അനുകൂലമായാല്‍ ഇന്നുതന്നെ മൃതശരീരം വനത്തിനുപുറത്ത് കൊണ്ടുവരുമെന്നും നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയുംവേഗം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ഉറപ്പ് നല്‍കിയതായും എന്‍ കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.
Next Story

RELATED STORIES

Share it