thrissur local

ആശ്വാസക്കിറ്റുകളിലൂടെ വിതരണം ചെയ്തത് 1142 ടണ്‍ ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കള്‍

തൃശൂര്‍: പ്രളയബാധിതര്‍ക്കാശ്വാസമായി ജില്ലാ ഭരണകൂടം ഒരാഴ്ചക്കുളളില്‍ വിതരണം ചെയ്തത് 76171 കിറ്റുകള്‍. 1142 ടണ്‍ ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് ഇത് നിര്‍വഹിച്ചുവെന്ന നേട്ടവും തൃശൂര്‍ ജില്ലയ്ക്ക് സ്വന്തം. ഇരുപത്തിമൂവായിരത്തിലധികം സന്നദ്ധപ്രവര്‍ത്തകരും റവന്യു, പോലിസ്, എക്‌സൈസ്, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരും അഹോരാത്രം പരിശ്രമിച്ചാണ് ഈ കിറ്റുകള്‍ സമയബന്ധിതമായി തയ്യാറാക്കിയത്. വി കെ എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു പ്രധാനമായും കിറ്റുകള്‍ പാക്ക് ചെയ്തത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു പുറമേ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലും കിറ്റുകള്‍ തയ്യാറാക്കി. ആര്‍ ടി ഒ അനുവദിക്കുന്ന വാഹനങ്ങളില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കിറ്റുകള്‍ താലൂക്കളില്‍ എത്തിച്ചു. ഏകദേശം 1180 ട്രിപ്പുകള്‍ ഇതിനായി നടത്തി.ആഗസ്ത് 16 മുതല്‍ തന്നെ പ്ലാനിങ് ഹാള്‍, വനിത ഇന്‍ഡോര്‍ സ്റ്റേഡിയം, തോപ്പ് സ്റ്റേഡിയം, സിവില്‍ സ്റ്റേഷന്‍, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കള്‍ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സംവിധാനമൊരുക്കിയിരുന്നു. പിന്നീട് തോപ്പ് സ്റ്റേഡിയത്തിന് പകരം ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജിലേക്ക് കേന്ദ്രം മാറ്റി. ക്യതൃതയോടെ സൂക്ഷമതയോടും ദുരിതാശ്വസ ക്യാമ്പുകളിലേക്ക് ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കള്‍ എത്തിക്കാന്‍ ബദ്ധശ്രദ്ധ കാട്ടി. നിത്യവും പാക്ക് ചെയ്യുന്ന പച്ചക്കറികള്‍ അന്ന് തന്നെ വിതരണം ചെയ്യാന്‍ സൂക്ഷമത പുലര്‍ത്തി. ഓരോ താലൂക്കിലും റവന്യൂ ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണസമയം കിറ്റ് വിതരണത്തിന് പങ്കാളികളായി. ഡെപ്യൂട്ടി കളക്ടറായ കെ സന്തോഷ് കുമാറിനെ സംഭരണ വിതരണകാര്യങ്ങളുടെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി. ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ഡോ. എം സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു കിറ്റുകളുടെ വിതരണം. റെയില്‍വേ വഴി ലഭിക്കുന്ന പാഴ്‌സലുകള്‍ ഏറ്റ് വാങ്ങുന്നതിനും വിതരണകേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും പ്രത്യേകമായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.ദുരിതാശ്വാസ ക്യാംപുകളിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുളള ചുമതല വിവിധ വകുപ്പുകള്‍ക്ക് വീതിച്ചു നല്‍കി. ഭക്ഷ്യേതര വസ്തുക്കളുടെ ചുമതല ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍, ഭക്ഷ്യവസ്തുക്കളുടെ ചുമതല സപ്ലൈകോ, ബിസ്‌ക്കറ്റ്-റസ്‌ക്ക് എന്നിവ ഐ സി ഡി എസ്, ശുചീകരണ വസ്തുക്കള്‍ ഡി ഡി പഞ്ചായത്ത്, കാലിത്തീറ്റ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, ഔഷധങ്ങള്‍ ഡി എം ഒ, പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ്, അന്വേഷണങ്ങളും പരാതികളും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എന്നിങ്ങനെയാണ് ചുമതലകള്‍ വിഭജിച്ചു നല്‍കിയത്. ജില്ലയില്‍ 57 സ്ഥിരം ക്യാമ്പുകളിലേക്കുളള ദീര്‍ഘകാല ഉപയോഗത്തിനുളള 20 ഓളം സാധനങ്ങളടങ്ങിയ കിറ്റ് ജില്ലാ വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥര്‍ തയ്യാറാക്കി വിതരണം ചെയ്തു. മന്ത്രിമാരായ എ സി മൊയ്തീന്‍, പ്രഫ. സി രവീന്ദ്രനാഥ്, അഡ്വ. വി എസ് സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ, സബ് കളക്ടര്‍ ഡോ. രേണുരാജ്, അസിസ്റ്റന്റ് കളക്ടര്‍ പ്രേംകൃഷ്ണന്‍, എ. ഡി.എം സി ലതിക തുടങ്ങിയവരാണ് പ്രളയദുരന്തനിവാരണവും പിന്നീടുളള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചത്. കളക്ടറേറ്റിലെ ജീവനക്കാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

Next Story

RELATED STORIES

Share it