ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം; സര്‍ക്കാര്‍ വിജ്ഞാപനം അംഗീകരിക്കില്ലെന്നു സ്വകാര്യ ആശുപത്രി ഉടമകള്‍; കോടതിയെ സമീപിക്കും

കൊച്ചി: ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നു കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (കെപിഎച്ച്എ).
നഴ്‌സുമാരുള്‍പ്പെടെയുള്ള ജോലിക്കാരുടെ ശമ്പളം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വര്‍ധിപ്പിച്ചാല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖല വന്‍ പ്രതിസന്ധിയിലാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ആശുപത്രി ഉടമകളുടെ യോഗം വിജ്ഞാപനം അംഗീകരിക്കേണ്ടതില്ലെന്നു തീരുമാനിച്ചത്. വിജ്ഞാപനത്തെ നിയമപരമായി ചോദ്യംചെയ്യാനാണ് സംഘടനയുടെ തീരുമാനം. അതിന് മുമ്പ് ഉത്തരവു നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിക്കുന്നതിനായി തൊഴില്‍മന്ത്രിയുമായി കൂടികാഴ്ച നടത്തും. സമ്മര്‍ദം ചെലുത്തി ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ആശുപത്രികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ആശുപത്രി ഉടമകള്‍ അറിയിച്ചു. കഴിഞ്ഞദിവസമാണു സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയായും മറ്റ് ജീവനക്കാരുടെ ശമ്പളം 16,000 രൂപയുമാക്കി നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. മിനിമം വേജസ് ആക്റ്റ് നിലനില്‍ക്കെ സര്‍ക്കാരിന്റെ ഉത്തരവ് അന്യയാമാണെന്ന് കെപിഎച്ച്എ ആരോപിക്കുന്നു.
നഴ്‌സുമാരുടെ സമരത്തെ ഭയന്നാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കാന്‍ നിര്‍ബന്ധിതരായത്. സംസ്ഥാന മിനിമം വേജസ് കമ്മിറ്റിക്ക് മുമ്പാകെ ശമ്പളവര്‍ധന നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ നിരവധി തവണ ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചതാണ്. എന്നിട്ടും ആശുപത്രി ഉടമകളുടെ പരാതികള്‍ കേള്‍ക്കാതെ ഏകപക്ഷീയമായി വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്നു കെപിഎച്ച്എ ജനറല്‍ സെക്രട്ടറി ഹസന്‍ കോയ തങ്ങള്‍ പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനം ഏറെ ബാധിക്കുന്നത് സാധാരണക്കാര്‍ ആശ്രയിക്കുന്ന ചെറുകിട ആശുപത്രികളെയാണ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ 60 ശതമാനവും ചെറുകിട ആശുപത്രികളാണെന്നിരിക്കെ ആരോഗ്യ മേഖലയാകെ താളംതെറ്റിക്കുന്ന നടപടികള്‍ക്കാണു സര്‍ക്കാര്‍ ചുക്കാന്‍പിടിക്കുന്നത്. സാധാരണക്കാരില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടി ആയതിനാലാണു സര്‍ക്കാര്‍ വിജ്ഞാപനത്തെ എതിര്‍ക്കുന്നതെന്നും ഹസന്‍കോയ തങ്ങള്‍ പറഞ്ഞു.
നഴ്‌സുമാരുടെ ശമ്പളത്തില്‍ ന്യായമായ വര്‍ധന നടപ്പാക്കാന്‍ ആശുപത്രി ഉടമകള്‍ തയ്യാറാണ്. നിലവില്‍ ഉന്നയിക്കുന്ന വര്‍ധന അപ്രായോഗികമാണ്. വീണ്ടും സമരനടപടികളുമായി നഴ്‌സുമാര്‍ മുന്നോട്ടുവന്നാല്‍ നേരിടുമെന്നും ആശുപത്രി ഉടമകളുടെ സംഘടന അറിയിച്ചു. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് പുറമെ, ഐഎംഎ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഹെല്‍ത്ത് പ്രൊവൈഡേഴ്‌സ് തുടങ്ങിയ സംഘടനകളും യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it