palakkad local

ആശുപത്രിക്കു മുന്നില്‍ ഭീഷണിയായി മരം

പട്ടാമ്പി: കൊപ്പം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു മുന്നിലെ അപകട ഭീഷണി ഉയര്‍ത്തുന്ന മരം ഇതുവരെയും മുറിച്ച് മാറ്റിയില്ല. ടൗണിലെ വടക്ക് വശത്ത് നിലമ്പൂര്‍ റോഡിലെ സര്‍ക്കാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു മുന്നിലെ ബസ്സ് കാത്തിരിപ്പു കേന്ദ്രത്തിനടുത്താണ് ഭീഷണിയുയര്‍ത്തി റോഡിലേക്ക് ചാഞ്ഞു മരംനില്‍ക്കുന്നത്. ദിവസവും 600 മുതല്‍ 800 വരെ രോഗികള്‍ ചികിത്സക്കായി ഈആശുപത്രിയിലേക്ക് വരുന്നത്. സീസണായാല്‍ പ്രതിദിനം ആയിരത്തിലധികം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്.
അതിന് പുറമെയാണ് ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കെത്തുന്ന വിദ്യാര്‍ഥികളടക്കമുളള ആയിരക്കണക്കിന് യാത്രക്കാരും. ആശുപത്രിപ്പടിയില ഓട്ടോ പാര്‍ക്കിങ് കേന്ദ്രത്തില്‍ തലയ്ക്ക് മീതെ നില്‍ക്കുന്ന പൂമരം മുറിച്ചു നീക്കണമെന്നു ഓട്ടോ തൊഴിലാളികളും പരിസരവാസികളും പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പട്ടാമ്പി -പുലാമന്തോള്‍ പാതയില്‍ ആമയൂരിലും കല്ലേപ്പുള്ളി സ്‌കൂളിനു മുന്നിലും അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ കഴിഞ്ഞദിവസം മരാമത്ത് വകുപ്പ് മുറിച്ചു നീക്കിയിരുന്നു. എന്നാല്‍ കൊപ്പം ഗവ. ആശുപത്രിക്കു മുന്നിലെ മരം ഇപ്പോഴും യാത്രക്കാരുടെയും വാഹനങ്ങളുടെയും തലയ്ക്കുമീതെ തൂങ്ങി നില്‍ക്കുകയാണ്.
കാറ്റും മഴയും ശക്തമായതോടെയാണു മരം റോഡിലേക്കു തൂങ്ങിയത്. ഇറക്കവും വളവും ചേര്‍ന്നു അപകടങ്ങള്‍ പതിവായ പ്രദേശത്ത് ഒരാള്‍ ഉയരത്തില്‍ തൂങ്ങി നില്‍ക്കുന്ന പൂമരത്തില്‍ തട്ടി കണ്ടെയ്‌നര്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നുണ്ട്. അപകടകരമായ വിധത്തില്‍ നിലകൊളളുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ മാസങ്ങള്‍ക്കു മുമ്പ്് പട്ടാമ്പി താലൂക്ക് വികസന സമിതിയില്‍ തീരുമാനിച്ചതാണെങ്കിലും ഈമരം മാത്രം മുറിച്ചു മാറ്റാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.
Next Story

RELATED STORIES

Share it