Flash News

ആശാറാം കേസ് വിധി ഇന്ന്; മൂന്ന് സംസ്ഥാനങ്ങളില്‍ രക്ഷാസന്നാഹം

ന്യൂഡല്‍ഹി: ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായ ബലാല്‍സംഗക്കേസില്‍ ജോധ്പൂര്‍ എസ്‌സി, എസ്ടി കോടതി ഇന്നു വിധി പറയും. വിധി കണക്കിലെടുത്തു രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്താനും കൂടുതല്‍ പോലിസിനെ വിന്യസിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി.
വിധി വന്ന ശേഷം അക്രമമുണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്നു മൂന്നു സംസ്ഥാനങ്ങളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളില്‍ ആശാറാം ബാപ്പുവിന് അനവധി അനുയായികളുണ്ട്.
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍കാരിയായ കൗമാരക്കാരിയെ ആശാറാം ജോധ്പൂരിലെ ആശ്രമത്തില്‍ വച്ച് ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. 2013 ആഗസ്ത് 15നായിരുന്നു സംഭവം.
മധ്യപ്രദേശിലെ ചിന്ദ്വാര ആശ്രമത്തില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ ആശാറാം വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പ്രോസിക്യൂഷന്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് രാം റഹീമിനെതിരായ ബലാല്‍സംഗക്കേസില്‍ വിധി വന്നശേഷം ഹരിയാനയിലും പഞ്ചാബിലും ചണ്ഡീഗഡിലും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയ സാഹചര്യത്തിലാണു മൂന്നു സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
അതേസമയം, ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഷാജഹാന്‍പൂരിലെ വീടിനു സുരക്ഷ വര്‍ധിപ്പിച്ചു. അഞ്ച് പോലിസുകാരെ നേരത്തെ തന്നെ ഇരയുടെ വസതിയില്‍ വിന്യസിച്ചിരുന്നു. കൂടുതല്‍ പോലിസുകാരെ നിയമിക്കും. എല്ലാ സന്ദര്‍ശകരെയും നിരീക്ഷിക്കാന്‍ സിസി ടിവി കാമറകളും സ്ഥാപിക്കുമെന്ന് പോലിസ് സൂപ്രണ്ട് കെ ബി സിങ് അറിയിച്ചു.ആശാറാം കേസിലെ വിധി കണക്കിലെടുത്ത് ജോധ്പൂര്‍ നഗരത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചാണു രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേസില്‍ വിധി പറയുന്നത്. ആശാറാം ബാപ്പുവിന്റെ അനുയായികളുടെ ഭീഷണി കണക്കിലെടുത്താണു നഗരത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
Next Story

RELATED STORIES

Share it