kozhikode local

ആവാസ് എന്റോള്‍മെന്റ് ജൂണ്‍ രണ്ടാംവാരം തുടങ്ങും



കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും ആരോഗ്യ പരിരക്ഷയും ഉറപ്പു വരുത്തുന്നത് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ എന്റോള്‍മെന്റ് ജൂണ്‍ രണ്ടാം വാരം ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ യു.വി.ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജൂണ്‍ ഒന്നു മുതല്‍ ഇതിന്റെ ട്രയല്‍ നടത്തും. വ്യക്തിയുടെ കൃഷ്ണമണിയും വിരലടാളവും മെഷീന്‍ വഴി സ്‌കാന്‍ ചെയ്താണ് ആവാസ് കാര്‍ഡുകള്‍ നല്‍കുന്നത്. ഇതിലേക്കായി ജില്ലയ്ക്ക് 15 മെഷിനുകള്‍ ലഭ്യമാവും. ഒന്ന് ലേബര്‍ ഓഫീസിന്റെ മേല്‍നോട്ടത്തില്‍ സിവില്‍ സ്റ്റേഷനിലും മറ്റൊന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും സജ്ജീകരിക്കും. മറ്റുളളവ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മൊബൈല്‍ അടിസ്ഥാനത്തില്‍ ഉപയോഗിക്കും.ജില്ലയില്‍ ജോലിചെയ്യുന്ന 18 നും 60 നും ഇടയില്‍ പ്രായമുളള ഇതര സംസ്ഥാന തൊഴിലാളികളെയാണ് പദ്ധതിയില്‍ എന്റോള്‍ ചെയ്യുക. വര്‍ഷത്തില്‍ 15000 രൂപയുടെ സൗജന്യ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കും. അപകട ഇന്‍ഷൂറന്‍സ് പരിരക്ഷയും പദ്ധതി ഉറപ്പുവരുത്തുന്നുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു.ജില്ലാ ലേബര്‍ ഓഫീസര്‍മാരായ പി. മോഹനന്‍ (എന്‍ഫോഴ്‌സ്‌മെ ന്റ്) കെ വി വിപിന്‍ലാല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it