wayanad local

ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ ബേഗൂര്‍ പിഎച്ച്‌സി



മാനന്തവാടി: ജില്ലയില്‍ പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ബേഗൂര്‍ പിഎച്ച്‌സിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ദിനംപ്രതി 200നു മുകളില്‍ രോഗികള്‍ ചികില്‍സ തേടിയെത്തുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആകെ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. ഇതു രോഗികള്‍ക്ക് ദുരിതമാവുകയാണ്. അപ്പപ്പാറ പിഎച്ച്‌സിയില്‍ നിന്നു വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ ഒരു ഡോക്ടര്‍ ബേഗൂര്‍ പിഎച്ച്‌സിയിലെത്തി രോഗികളെ പരിശോധിക്കാറുണ്ടായിരുന്നു. എന്നാല്‍, ഒരുമാസം മുമ്പ് ഈ ഡോക്ടറെ അപ്പപ്പാറയില്‍ തന്നെ സ്ഥിരമായി നിയമിച്ചതോടെയാണ് രോഗികള്‍ ബുദ്ധിമുട്ടിലായത്. ബസ് സര്‍വീസ് ഉള്ളതിനാല്‍ തന്നെ തിരുനെല്ലി, പാല്‍വെളിച്ചം, ബാവലി, കര്‍ണാടകയിലെ ബൈരക്കുപ്പ, മച്ചൂര്‍, കുട്ട എന്നിവിടങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകളുടെ പ്രധാന ആശ്രയം ഈ ആരോഗ്യകേന്ദ്രമാണ്. ഇപ്പോഴുള്ള ഡോക്ടര്‍ വിവിധ ക്യാംപുകള്‍ക്ക് പോയാല്‍ ഒപി മുടങ്ങുന്ന സാഹചര്യമാണ്. ദിനേന ഒപിയിലെത്തുന്ന രോഗികളെ വിശദമായി പരിശോധിക്കാന്‍ ആവശ്യമായ സമയം കണ്ടെത്താന്‍ കഴിയാതെ ഡോക്ടറും വലയുകയാണ്. പ്രവര്‍ത്തന മികവിന് സംസ്ഥാന ആരോഗ്യവകുപ്പിന്റെ കായകല്‍പം അവാര്‍ഡ് ലഭിച്ച ആരോഗ്യകേന്ദ്രം കൂടിയാണിത്. അതേസമയം, കുറഞ്ഞ രോഗികള്‍ മാത്രമെത്തുന്ന അപ്പപ്പാറ പിഎച്ച്‌സിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചതില്‍ പ്രതിഷേധമുയരുന്നുണ്ട്. കാലവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ താല്‍ക്കാലികമായെങ്കിലും ഒരു ഡോക്ടറെ കൂടി നിയമിക്കാന്‍ നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it