ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സര്‍ക്കാരുകള്‍ക്ക് കേന്ദ്രം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കായി കേന്ദ്രം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും ജാതി, മത, വംശീയ പരിഗണനകള്‍ക്ക് അതീതമായി പൗരന്‍മാര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. നോഡല്‍ ഓഫിസറായി പോലിസ് സൂപ്രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥനെ എല്ലാ ജില്ലകളിലും നിയമിക്കാനും നിര്‍ദേശമുണ്ട്.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള നിയമനിര്‍മാണത്തിനായി പ്രത്യേക മന്ത്രിതല സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ രാജ്‌നാഥ് സിങ് അധ്യക്ഷനായുള്ള നാലംഗ മന്ത്രിതല സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. രാജ്‌നാഥ് സിങിനു പുറമെ മന്ത്രിമാരായ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ്, തവാര്‍ചന്ദ് ഗഹ്‌ലോട്ട് എന്നിവരടങ്ങുന്നതാണു സമിതിയിലെ അംഗങ്ങള്‍. രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരമണ് കേന്ദ്രസര്‍ക്കാര്‍ മന്ത്രിതല സമിതിക്ക് രൂപംനല്‍കുന്നത്.
നിയമ നിര്‍മാണവുമായി ബന്ധപ്പെട്ടു ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ആല്‍വാറില്‍ ഗോരക്ഷാ അക്രമികള്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണു കേന്ദ്രസര്‍ക്കാര്‍ നടപടി. ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആല്‍വാറിലേതടക്കമുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധമറിയിച്ചിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സുദീപ് ബന്ദോപാധ്യായയാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സംബന്ധിച്ച് വിഷയം ഇന്നലെ ലോക്‌സഭയില്‍ ആദ്യം ഉന്നയിച്ചത്. എന്നാല്‍ ഈ വിഷയം എല്ലാ ദിവസവും പരിഗണിക്കാന്‍ പറ്റില്ലെന്നു കാണിച്ച് സ്പീക്കര്‍ പ്രസ്താവന ഇറക്കി. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ ആല്‍വാര്‍ വിഷയം ഉന്നയിച്ചു.
Next Story

RELATED STORIES

Share it