ആള്‍ക്കൂട്ട കൊലപാതകംനിയമം കൊണ്ടു മാത്രം നിയന്ത്രിക്കാനാവില്ല: ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങളെ നിയമം കൊണ്ടു മാത്രം നിയന്ത്രിക്കാനാവില്ലെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. സമൂഹത്തിന്റെ സമീപനം കൂടി മാറേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആള്‍ക്കൂട്ടങ്ങളുടെ ആക്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഇത്തരം സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്ന, സംഭവത്തെ ലളിതവല്‍ക്കരിക്കുകയും ബിജെപിയെ സംക്ഷിക്കുകയും ചെയ്യുന്ന മറുപടിയാണു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. ആള്‍ക്കൂട്ട ആക്രമണങ്ങളെയും കൊലപാതകങ്ങളെയും രാഷ്ട്രീയവല്‍ക്കരിക്കുന്നതു ശരിയല്ല. ഇത്തരം വിഷയങ്ങള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും ബന്ധപ്പെടുത്തി പറയരുതെന്നായിരുന്നു ബിജെപി നേതാവായിരുന്ന വെങ്കയ്യനായിഡുവിന്റെ മറുപടി. സാമൂഹികമായ മാറ്റമാണു വേണ്ടത്. ഇത്തരം ആക്രമണങ്ങള്‍ ഒരു പാര്‍ട്ടിയും ചെയ്യുന്നതല്ല. ഈ സംഭവങ്ങളെ ഏതെങ്കിലും പാര്‍ട്ടിയുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുമ്പോള്‍ ആക്രമണത്തിന്റെ ഗൗരവം നഷ്ടപ്പെടുകയാണ്. തുറന്നുപറഞ്ഞാല്‍ ഇപ്പോള്‍ സംഭവിക്കുന്നത് അതാണെന്നും നായിഡു പറഞ്ഞു. ഒരാള്‍ മറ്റൊരാളെ കൊല്ലുമ്പോള്‍ അയാളെ എങ്ങനെയാണു രാജ്യസ്‌നേഹി എന്നു വിളിക്കാനാവുന്നത്. മതത്തിന്റെയോ, ജാതിയുടെയോ, നിറത്തിന്റെയോ, ലിംഗത്തിന്റെയോ വിവേചനം നടത്തുന്നവരുടെയും കാര്യം ഇതു തന്നെയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒമ്പതു സംസ്ഥാനങ്ങളിലായി 40 പേരാണ് ആള്‍ക്കൂട്ടങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂലൈ 17ന് ആള്‍ക്കൂട്ടങ്ങളെ നിയമം കൈയിലെടുക്കാന്‍ അനുവദിക്കരുതെന്ന് സുപ്രിംകോടതിയും ശക്തമായ താക്കീത് നല്‍കിയിരുന്നു. പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതിനിടെയാണ് ഇത്തരം സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെന്ന് ഉപരാഷ്ട്രപതിയുടെ ന്യായീകരണം. നിര്‍ഭയ കേസ് ഉണ്ടായപ്പോള്‍ നിര്‍ഭയനിയമം വേണമെന്നുള്ള മുറവിളി ഉയര്‍ന്നു. നിയമം വരികയും ചെയ്തു. എന്നിട്ടും അത്തരം സംഭവങ്ങള്‍ അവസാനിച്ചോ എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ചോദ്യം. രാഷ്ട്രീയകക്ഷികള്‍ക്ക് ഓരോ വിഷയങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട്. സമൂഹത്തിലെ ഇത്തരം തിന്‍മകളെ ഇല്ലായ്മ ചെയ്യാന്‍ ഒരു ബില്ല് അല്ല വേണ്ടത്. മറിച്ചത് രാഷ്ട്രീയ താല്‍പര്യവും ഭരണനിപുണതയുമാണു വേണ്ടത്. ഇക്കാര്യം താന്‍ പാര്‍ലമെന്റിലും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it