Flash News

ആള്‍ക്കൂട്ട ആക്രമണം: കേന്ദ്രത്തിന് സുപ്രിംകോടതി നിര്‍ദേശംനിയമനിര്‍മാണം വേണം

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണ കൊലപാതകങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് സുപ്രിംകോടതി. ആള്‍ക്കൂട്ട കൊലപാതകങ്ങളെ (മോബ് ലിഞ്ചിങ്) പ്രത്യേക കുറ്റകൃത്യമായി നിര്‍വചിച്ചുകൊണ്ടുള്ള നിയമനിര്‍മാണത്തിനായാണ് സുപ്രിംകോടതി ആവശ്യപ്പെട്ടത്. പശുസംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികളില്‍ വിധി പറയുകയായിരുന്നു കോടതി.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പോലുള്ള അക്രമസംഭവങ്ങള്‍ തടയേണ്ടതും ക്രമസമാധാനം ഉറപ്പാക്കേണ്ടതും സംസ്ഥാനങ്ങളുടെ ചുമതലയാണ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശിക്ഷാനിയമത്തില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണം. ആള്‍ക്കൂട്ട ആധിപത്യത്തെ സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്ന പ്രവണതയായി തുടരാന്‍ അനുവദിക്കരുതെന്നും ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
കേസുകള്‍ പരിഗണിക്കുന്നതിനായി പ്രത്യേക കോടതികള്‍ രൂപീകരിക്കുന്നത് അടക്കമുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പെട്ടെന്നുള്ള സാമ്പത്തികസഹായം അടക്കമുള്ള വ്യവസ്ഥകളോടെ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള പദ്ധതി രൂപീകരിക്കണം. ഇത്തരം കേസുകള്‍ പരിഗണിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ശുപാര്‍ശ ചെയ്തു. ആള്‍ക്കൂട്ട ആക്രമണങ്ങളിലേക്ക് നയിക്കുന്ന സാമൂഹികമാധ്യമ പ്രചാരണങ്ങള്‍ തടയുന്നതിന് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനുള്ള നിയമനിര്‍മാണത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ നിലപാട് വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനാവാല, മഹാത്മാഗാന്ധിയുടെ പേരമകന്‍ തുഷാര്‍ ഗാന്ധി തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹരജികളിലാണ് കോടതി ഉത്തരവ്.
ഹരജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്, സഞ്ജയ് ഹെഗ്‌ഡെ എന്നിവരും കേന്ദ്രസര്‍ക്കാരിനു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി നരസിംഹയും ഹാജരായി.
പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇത്തരം ആക്രമണങ്ങള്‍ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും ഈ മാസം നാലിന് വാദം കേള്‍ക്കവെ കോടതി അഭിപ്രായപ്പെട്ടിരുന്നു.
ഇത്തരം ആക്രമണങ്ങള്‍ തടയുന്നതിന് ജില്ലകള്‍തോറും പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കോടതി ഇടക്കാല ഉത്തരവില്‍ പുറപ്പെടുവിച്ചിരുന്നു.
Next Story

RELATED STORIES

Share it