Flash News

ആള്‍ക്കൂട്ടക്കൊല: രാജസ്ഥാന്‍ സര്‍ക്കാരിന് എതിരായ ഹരജി അടുത്തമാസം പരിഗണിക്കും

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആല്‍വാറില്‍ പശുവിന്റെ പേരില്‍ റക്ബര്‍ ഖാന്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ സമര്‍പ്പിച്ച ഹരജി അടുത്തമാസം 20ന് സുപ്രിംകോടതി പരിഗണിക്കും. രാജസ്ഥാന്‍ സര്‍ക്കാരിന്റെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‌സിങാണ് ഹരജി സമര്‍പ്പിച്ചത്.
ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. രാജസ്ഥാന്‍ സര്‍ക്കാര്‍ ഇത് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി. ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനവാല ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ മറ്റു ഹരജികളും പരിഗണിക്കുന്നുണ്ട്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്കെതിരേയുള്ള ഹരജികളാണിവ. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാരില്‍ നിന്ന് കേന്ദ്രം റിപോര്‍ട്ട് തേടി.
അതിനിടെ, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള നിയമനിര്‍മാണത്തിനായി മന്ത്രിതല സമിതി രൂപീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായുള്ള നാലംഗ സമിതിയില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ്, തവാര്‍ചന്ദ് ഗെഹ്‌ലോട്ട് എന്നിവരാണ് അംഗങ്ങള്‍. നിയമനിര്‍മാണവുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദേശങ്ങള്‍ മന്ത്രിതല സമിതിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് സമിതിയുടെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും അടങ്ങുന്ന റിപോര്‍ട്ട് പ്രധാനമന്ത്രിക്ക് നല്‍കും. സമിതി 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it