thrissur local

ആളൂരില്‍ ആടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; രോഗത്തിന് മരുന്ന് ലഭ്യമല്ലെന്ന് അധികൃതര്‍

കുന്നംകുളം: കണ്ടാണശ്ശേരി പഞ്ചായത്തിലെ ആളൂരില്‍ രോഗബാധയെ തുടര്‍ന്ന് ആടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കുണ്ടുകുളം ഔസേപ്പ്, പൊന്നരാശ്ശേരി സരോജിനി എന്നിവരുടെ വീട്ടില്‍ വളര്‍ത്തുന്ന 15 ആടുകള്‍ ഇതിനകം ചത്തു. കഴിഞ്ഞ നാല് ദിവസത്തിനുള്ളിലാണ് ഇത്രയും ആടുകള്‍ ചത്തത്. ഇരു വീടുകളിലുമായി നാല്‍പ്പതിലേറെ ആടുകളെ വളര്‍ത്തുന്നുണ്ട്. ഗോട്ട് പോക്‌സ് എന്ന രോഗമാണ് ആടുകള്‍ക്ക് ബാധിച്ചിട്ടുള്ളതെന്നാണ് നിഗമനം. ഔസേപ്പിന്റെ വീട്ടില്‍ ചത്ത ആടുകളിലൊന്ന് ഗര്‍ഭിണിയായിരുന്നു. ആടുകള്‍ ചത്ത് വീഴുമ്പോഴും ഈ രോഗത്തിന് ശരിയായ പ്രതിരോധ മരുന്ന് ലഭ്യമല്ലാത്തത് ആട് കര്‍ഷകരെ ആശങ്കയിലാക്കുകയാണ്. ഔസേപ്പിന്റെയും, സരോജിനിയുടെയും പ്രധാന വരുമാനമാര്‍ഗമാണ് ആട് വളര്‍ത്തല്‍. ആടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതോടെ ഇവര്‍ പരിഭ്രാന്തിയിലാണ്. ആടുകള്‍ക്ക് ബാധിച്ചിട്ടുള്ള ഗോട്ട് പോക്‌സ് എന്ന ഈ രോഗത്തിന് മരുന്ന് കണ്ട് പിടിക്കാനായിട്ടില്ലെന്നും മുന്‍കൂട്ടി അറിഞ്ഞാ ല്‍ പ്രതിരോധ കുത്തിവെയ്പ്പ് നടത്താനാകുമെന്നും കണ്ടാണശ്ശേരി വെറ്റിനറി ഡിസ്‌പെന്‍സറിയിലെ ഡോ. പാമി ടി മാളിയേക്കല്‍ പറഞ്ഞു. കാട്ടകാമ്പാല്‍ പഞ്ചായത്ത് ഉള്‍പ്പെടെ ജില്ലയില്‍ ചിലയിടത്ത് ഈ രോഗം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ രോഗ പ്രതിരോധത്തിന് നടപടി സ്വീകരിക്കുന്നതില്‍ മൃഗസംരക്ഷണവകുപ്പിന് വലിയ വീഴ്ച്ച സംഭവിച്ചുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആളൂരില്‍ ആടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മിനി ജയന്‍, പഞ്ചായത്ത് അംഗം ഗീത മോഹനന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it