palakkad local

ആളിയാര്‍: തുറന്നുവിടുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിച്ചു

ചിറ്റൂര്‍: തമിഴ്‌നാട്ടിലെ ആളിയാര്‍ ഡാമില്‍ നിന്ന് തുറന്നു വിടുന്ന വെള്ളം 3100 ക്യൂസെക്‌സായി വര്‍ധിപ്പിച്ചു. പരമാവധി 1050 അടി ജലനിരപ്പുള്ള ആളിയാറില്‍ 1049.5 അടിയായതോടെയാണ് ചിറ്റൂര്‍ പുഴയിലേക്ക് അധികമായി വെള്ളം തുറന്നു വിട്ടത്. ഞായറാഴ്ചയും തിങ്കളാഴ്ച്ചയുമായാണ് കൂടുതല്‍തോതില്‍ വെള്ളം പുറത്തേക്കൊഴുക്കിയത്. ഞായറാഴ്ച്ച 3000 ക്യൂസെക്‌സ് വെള്ളം തുറന്നു വിട്ടതിനെ തുടര്‍ന്ന് മൂലത്തറ, നറണി, പാറക്കളം നിലംപതി പാലങ്ങളില്‍ വെള്ളത്തിനടിയിലായി. തിങ്കളാഴ്ച്ച രാവിലെ 1700 ക്യൂ സെക്‌സായി കുറച്ചെങ്കിലും വൈകീട്ട് അഞ്ചോടെ വീണ്ടും 3100 ക്യൂസെക്‌സായി വര്‍ധിപ്പിക്കുയും ചെയ്തു. അര്‍ധ രാത്രിയോടെ വെള്ളം മണകടവിലെത്തുന്നതോടെ നിലംപതി പാലങ്ങള്‍ വീണ്ടും വെള്ളത്തിനടിയിലാവും. ആളിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞെങ്കിലും അപ്പര്‍ ആളിയാറിലും, കാടമ്പാറ ഡാമും നിറഞ്ഞിരിക്കുന്നതിനാല്‍ അടുത്ത 10ദിവസങ്ങളില്‍ അളവില്‍ വ്യതിയാനം വരുത്തി വെള്ളം തുറന്നു വിടുമെന്ന് ജലവിഭവ വകപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിലംപതി പാലങ്ങള്‍ വെള്ളത്തിനടിയിലായതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും. നിരവധി വാഹനങ്ങള്‍ കടന്നു പോവുന്ന നറണി, ആലാംകടവ് നിലംപതി പാലം വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് നറണി, കല്ല്യാണപേട്ടയിലുള്ളവര്‍ക്ക് അഞ്ചു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ചിറ്റൂരിലെത്താന്‍ 15 കിലോമീറ്റര്‍ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. നിലംപതി പാലത്തില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് നറണി നിലംപതി പാലത്തിലൂടെ വാഹനങ്ങള്‍ കടന്ന് പോവാതിരിക്കുന്നതിനായി പോലിസ് കയര്‍ കെട്ടി സംരക്ഷണമേര്‍പ്പെടുത്തിയിട്ടുമുണ്ട്. പുഴയിലെ വെള്ളം അധികരിച്ചതിനെ തുടര്‍ന്ന് കുളിക്കാനിറങ്ങിയ മധ്യവയസ്‌ക്കന്‍ ഒഴുക്കില്‍പ്പെട്ട് കാണാതായിട്ടുണ്ട്. ഇയാള്‍ക്കായി തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

Next Story

RELATED STORIES

Share it