palakkad local

ആളിയാര്‍ ജലപ്രശ്‌നം: 19ന് ചീഫ് സെക്രട്ടറിതല ചര്‍ച്ച

സ്വന്തംപ്രതിനിധി

ചിറ്റൂര്‍: 17ന് ചിറ്റൂര്‍താലൂക്കില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചതായി ആളിയാര്‍ പറമ്പിക്കുളം ജലസംരക്ഷണ സമരസമിതി അംഗങ്ങള്‍ അറിയിച്ചു. ഇന്നലെ ആളിയാര്‍ പറമ്പിക്കുളം ജലസംരക്ഷണ സമരസമിതി അംഗങ്ങളുമായി ജലവിഭവ വകുപ്പ് മന്ത്രിമാത്യൂ ടി തോമസ്, പാലക്കാട് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ കെ ബാലന്‍ എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ 19വരെ 400ഘനയടി എന്ന തോതില്‍ വെള്ളം നല്‍കാന്‍ തമിഴ്‌നാട് സമ്മതിച്ചതായി മന്ത്രിമാര്‍ സമര സമിതി ഭാരവാഹികളെ അറിയിച്ചു.
ലോക മലയാള സഭയുടെ തിരക്കുകളിലായതിനാല്‍ മുഖ്യമന്ത്രിയ്ക്ക് ഇന്നലത്തെ ചര്‍ച്ചയില്‍ പങ്കെടുക്കാനായില്ല. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വെള്ളം നല്‍കാത്ത തമിഴ്‌നാടിന്റെ കരാര്‍ ലംഘനങ്ങള്‍ക്കെതിരെയാണ് സംയുക്ത സമരസമിതി രൂപീകരിച്ച് ബുധനാഴ്ച്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
വിഷയം ശ്രദ്ധയില്‍ പെട്ട മുഖ്യമന്ത്രി സമരസമിതി നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസും പാലക്കാടിന്റെ ചുമതലയുള്ള മന്ത്രി എ കെ ബാലനുമാണ് സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത്. 19വരെ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന അളവില്‍ വെള്ളം നല്‍കാമെന്ന് തമിഴ്‌നാട് ഉറപ്പ് നല്‍കിയതായി മന്ത്രിമാര്‍ അറിയിച്ചു. 19ന് തമിഴ്‌നാട്-കേരള ചീഫ് സെക്രട്ടറിതല ചര്‍ച്ച തിരുവനന്തപുരത്ത് നടക്കും. ചര്‍ച്ചയില്‍ കേരളത്തിന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ നിലപാടെടുക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. 15വരെ മാത്രമേ വെള്ളം നല്‍കൂവെന്നായിരുന്നു തമിഴ്‌നാടിന്റെ മുന്‍ നിലപാട്. ഇതിനെതിരെയായിരുന്നു സമരസമിതി പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇ എന്‍ രവീന്ദ്രന്‍, കെ ചെന്താമര, അഡ്വാ.വി മുരുകദാസ്, ജയപാലന്‍, ഹരി പ്രകാശ്, വി ബാബു, ഷിഹാബുദ്ദിന്‍, എസ് സുധീഷ്, കണക്കമ്പാറ ബാബു, ഭാസ്‌ക്കരന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
രണ്ടു മന്ത്രിമാരെ കൂടാതെ എംഎല്‍എമാരായ കെ കൃഷണന്‍കുട്ടി, കെ വി വിജയദാസ് എന്നിവരും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Next Story

RELATED STORIES

Share it