Flash News

ആല്‍വാറില്‍ മോദിയെ വിമര്‍ശിച്ച് രാഹുല്‍; 'ഇതാണ് മോദിയുടെ ക്രൂരമായ ഇന്ത്യ'

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആല്‍വാറില്‍ ഗോരക്ഷകര്‍ യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. അടുത്ത് ആശുപത്രിയുണ്ടായിട്ടും ഇരയായ റക്ബര്‍ഖാനെ അവിടെയെത്തിക്കാന്‍ പോലിസ് മൂന്നുമണിക്കൂറെടുത്തു. ഇത് മോദിയുടെ പുതിയ ഇന്ത്യയുടെ പ്രതിഫലനമാണെന്ന് രാഹുല്‍ പറഞ്ഞു. മനുഷ്യത്വം വിദ്വേഷമായി മാറിയ, മനുഷ്യര്‍ ആള്‍ക്കൂട്ട ആക്രമണങ്ങളാല്‍ കൊല്ലപ്പെടുന്ന ഇതാണ് മോദിയുടെ ക്രൂരമായ പുതിയ ഇന്ത്യ- രാഹുല്‍ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ പോലിസിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ച രാഹുലിനെതിരേ ബിജെപി മന്ത്രിമാര്‍ രംഗത്തെത്തി. രാഹുലിനെ വിദ്വേഷത്തിന്റെ വ്യാപാരി എന്നു വിളിച്ചുകൊണ്ടാണ് പിയൂഷ് ഗോയല്‍ തിരിച്ചടിച്ചിരിക്കുന്നത്.
ഓരോ കുറ്റകൃത്യങ്ങളും ഉണ്ടാവുമ്പോള്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടുന്നത് രാഹുല്‍ ഗാന്ധി നിര്‍ത്തണമെന്നും പിയൂഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം, സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സമൂഹത്തെ രാഹുല്‍ ഭിന്നിപ്പിക്കുകയാണെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. തൊട്ടുപിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഹുലിനെ വിമര്‍ശിച്ച് രംഗത്തെത്തി. തിരഞ്ഞെടുപ്പ് താല്‍പര്യത്തിനു വേണ്ടി രാഹുലും കോണ്‍ഗ്രസ്സും സാമൂഹിക ഐക്യത്തെ തകര്‍ക്കുകയാണെന്നും രാഹുലിന്റേത് അത്യാര്‍ത്തിയുടെ രാഷ്ട്രീയമാണെന്നും സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.
Next Story

RELATED STORIES

Share it