Alappuzha local

ആല്‍മരം വീണ് വൈദ്യുതിത്തൂണുകള്‍ നിലംപതിച്ചു



വള്ളികുന്നം: വള്ളികുന്നത്ത് ജനവാസ മേഖലയിലെ കാലപ്പഴക്കം ചെന്ന ആല്‍മരങ്ങള്‍ പലതും ജനങ്ങള്‍ക്ക് ഭീഷണിയാവുന്നു. കടേക്കല്‍ മാര്‍ക്കറ്റിനു സമീപം ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ആല്‍മരം റോഡിലേക്ക് ഒടിഞ്ഞു വീണു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് 11 കെവി ലൈന്‍ ഉള്‍പ്പെടെ എട്ടോളം ഇലക്ട്രിക്ക് പോസ്റ്റുകള്‍ നിലംപതിച്ചു. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. സമീപത്തെ ക്ഷേത്രം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. തൊട്ടടുത്തുള്ള കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ആല്‍ മരത്തിന്റെ ഒരു ഭാഗം മാത്രമാണു ഓടിഞ്ഞു വീണത്. അവശേഷിച്ചത് ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയില്‍ നിലനില്‍ക്കുകയാണ്. ഇത് മുറിച്ചുമാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. രാത്രിയായതിനാല്‍ ആളപായമുണ്ടായില്ല. പകല്‍ സമയങ്ങളില്‍ സര്‍വീസ് ബസ്സുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളും കാല്‍നട യാത്രികരും സഞ്ചരിക്കുന്ന മേഖലയാണിത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വൃക്ഷം ഏറെ നാളായി ഏതു നിമിഷവും ഒടിഞ്ഞു വീഴാവുന്ന നിലയിലായിരുന്നു. നിരവധി തവണ ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. വള്ളികുന്നം- ചങ്ങന്‍കുളങ്ങര റോഡില്‍ സ്ഥിതി ചെയ്യുന്ന കാഞ്ഞിപ്പുഴ വലിയകുളത്തിനു സമീപം മുത്തശ്ശി ആല്‍മരം യാത്രക്കാര്‍ക്കും സമീപത്തുള്ള വീട്ടുകാര്‍ക്കും ഭീഷണിയുയര്‍ത്തുകയാണ്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധിയാളുകള്‍ ബസ് കാത്തു നില്‍ക്കുന്നതിവിടെയാണ്. ആലിന്റെ വേരുകള്‍ കിലോമീറ്റര്‍ ദൂരമുള്ള വീടുകളുടെ കിണറുകളിലും ചുമരുകളിലുമൊക്കെയായി വ്യാപിച്ചു കിടക്കുകയാണ്. ഇത് കാരണം പല വീടുകളുടെയും ഭിത്തിയിലുള്‍പ്പെടെ വിള്ളല്‍ വീണിരിക്കുകയാണ്. കാലപഴക്കം കാരണം ഏതു നിമിഷവും ഇത് നിലംപൊത്തുമെന്നാണു പരിസരവാസികള്‍ പറയുന്നത്. വിഷയം നിരവധി തവണ ജനപ്രതിനിധികളുടെയും പഞ്ചായത്ത് അതികൃതരുടെയും ശ്രദ്ദയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പൊതുജനത്തിനു ഭീഷണിയുയര്‍ത്തുന്ന ആല്‍മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ വീണ്ടും പരാതിയുമായി അധികാരികളെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
Next Story

RELATED STORIES

Share it