thrissur local

ആലത്തൂര്‍ തോടിന് ശാപമോക്ഷം; ശുദ്ധീകരണ പ്രവൃത്തികള്‍ക്ക് തുടക്കം

കൊടകര: ചണ്ടിയും പാഴ്‌ച്ചെടികളും നിറഞ്ഞ് നാശോന്മുഖമായി കിടന്ന ആലത്തൂര്‍ തോടിന് ശാപമോക്ഷമാകുന്നു. പറപ്പൂക്കര പഞ്ചായത്തിലെ വിവിധ പാടശേഖരസമിതികളുടെ നേതൃത്വത്തില്‍ തോട് വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
മറ്റത്തൂര്‍ പഞ്ചായത്തില്‍ നിന്നുല്‍ഭവിച്ച് കൊടകര, പറപ്പൂക്കര, മുരിയാട് പഞ്ചായത്തുകളിലൂടെ ഒഴുകി കരുവന്നൂര്‍ പുഴയില്‍ ചേരുന്ന തോടിന്റെ പറപ്പൂക്കര പഞ്ചായത്തതിര്‍ത്തിയില്‍ വരുന്ന ഏഴു കിലോമീറ്റര്‍ നീളമാണ് ഇപ്പോള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നത്. വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത വിധം ചണ്ടിയും പായലും പാഴ്‌ച്ചെടികളും നിറഞ്ഞ് കിടക്കുന്ന തോട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനു ശേഷമാണ് വൃത്തിയാക്കുന്നത്.
നീരൊഴുക്കിനു വിഘാതമായി തോട്ടില്‍ പാഴ്‌ച്ചെടികളും ചണ്ടിയും ചെളിയും അടിഞ്ഞു കൂടി കിടക്കുന്നത് മഴക്കാലത്ത് തോട് കവിഞ്ഞൊഴുകി കൃഷി മുങ്ങിനശിക്കാനും വേനല്‍ക്കാലത്ത് ജലക്ഷാമത്തിനും കാരണമായിരുന്നു. കര്‍ഷകരുടെ ദുരിതം കണക്കിലെടുത്താണ് ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി പറപ്പൂക്കര പഞ്ചായത്ത് കൃഷിഭവനും വിവിധ പാടശേഖര സമിതികളും ചേര്‍ന്ന് തോട് പുനരുദ്ധരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയനും വൈസ് പ്രസിഡന്റ് പി ഡി നെല്‍സനും പറഞ്ഞു. പദ്ധതിക്കായി 26 ലക്ഷം രൂപയോളമാണ് ചെലവഴിക്കുന്നത്.
കൊടകര, പറപ്പൂക്കര പഞ്ചായത്തിന്റെ അതിര്‍ത്തിയിലുള്ള ബ്ലാച്ചിറ മുതല്‍ മുരിയാട് പഞ്ചായത്തിന്റെ അതിര്‍ത്തിയിലുള്ള വില്ലിച്ചിറ വരെയുള്ള തോടിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ യന്ത്രം ഉപയോഗിച്ച് നവീകരിക്കുന്നത്. പണികള്‍ പൂര്‍ത്തീകരിക്കുന്നതോടെ മഴക്കാലത്ത് ഈ മേഖലയില്‍ അനുഭവപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാരമാകും. ഒപ്പം വേനല്‍ക്കാലത്ത് കാര്‍ഷികമേഖലയിലെ ജലസേചനം കാര്യക്ഷമമാകുകയും ചെയ്യും.
Next Story

RELATED STORIES

Share it