Flash News

ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും ജില്ലാ കലക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മഴക്കെടുതി രൂക്ഷമായ ഏഴു ജില്ലകള്‍ക്ക് സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. കൂടുതല്‍ ദുരന്തമുണ്ടായ കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്തനിവാരണ സേനയെ അയക്കും. 48 പേരടങ്ങുന്ന സംഘം ഉടന്‍ ജില്ലയില്‍ എത്തിച്ചേരും. അടിയന്തരഘട്ടങ്ങള്‍ നേരിടാന്‍ ഒരു സംഘത്തെ കൂടി സംസ്ഥാനത്ത് എത്തിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അതേസമയം, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയ്ക്കാണ് ഏറ്റവുമധികം സാമ്പത്തിക സഹായം അനുവദിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയ്ക്ക് 90 ലക്ഷവും കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ക്ക് 55 ലക്ഷം വീതവും അടിയന്തര ധനസഹായം നല്‍കാനാണ് തീരുമാനം. വയനാടിന് 50 ലക്ഷവും ഇടുക്കി, കോട്ടയം ജില്ലകള്‍ക്ക് 35 ലക്ഷം വീതവും നല്‍കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ പോലിസ്, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങള്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ ഗതാഗത, തൊഴില്‍ മന്ത്രിമാര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മലമ്പ്രദേശങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ താമസക്കാരെ ഒഴിപ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it