malappuram local

ആറുമഖന്റെ ഹാര്‍മോണിയത്തില്‍ കാലം ശ്രുതി മീട്ടുന്നു

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍
പൊന്നാനി: നാദംകൊണ്ട് മാത്രമല്ല രൂപഭംഗികൊണ്ടും കൊതിപ്പിക്കുന്നവയാണ് ആറുമുഖന്റെ കരവിരുതില്‍ പിറക്കുന്ന ഹാര്‍മോണിയങ്ങള്‍. അരനൂറ്റാണ്ടിലേറെയായി അപൂര്‍വസുന്ദരങ്ങളായ ഹാര്‍മോണിയപ്പെട്ടികളുടെ അസുലഭ നിര്‍മാണവിദ്യയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഈ എഴുപത്തിമൂന്നുകാരന്‍. അതില്‍ വിരലോടിച്ചവരുടെ വമ്പന്‍നിര ഗസല്‍ ചക്രവര്‍ത്തി ഉസ്താദ് മെഹ്ദിഹസന്‍, അനശ്വര സംഗീതജ്ഞന്‍ ബാബുരാജ് എന്നിവരില്‍ തുടങ്ങുന്നു.
ഹാര്‍മോണിയം നിര്‍മാണരംഗത്ത് പ്രതിഭകൊണ്ടും പെരുമകൊണ്ടും ഏറെ ശ്രദ്ധേയനാണ്  ആറുമുഖന്‍. തലമുറ കൈമാറിവന്ന കുലത്തൊഴിലാണ് ആറുമുഖന് ഹാര്‍മോണിയം നിര്‍മാണം. വിരല്‍ക്കട്ടകള്‍ ചെത്തിയൊരുക്കുന്നതുമുതല്‍ റീഡുകള്‍ സെറ്റുചെയ്ത് ശ്രുതി ചേര്‍ക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളോരോന്നും ഒരു സര്‍ഗപ്രക്രിയയുടെ തുടര്‍ച്ചയാണ്. അമ്മാവന്‍ ചാത്തുക്കുട്ടി മാസ്റ്ററില്‍ നിന്നാണ് ഹാര്‍മോണിയം നെയ്‌തെടുക്കുന്ന കലാവിദ്യ ആറുമുഖന്‍ സ്വന്തമാക്കുന്നത്. ആറാം ക്ലാസ്സില്‍ പഠിപ്പുമതിയാക്കി അക്കാലത്താണ് അമ്മാവന്റെ സഹായിയായി തൊഴില്‍ പഠിക്കാന്‍ ആറുമുഖന്‍ വളാഞ്ചേരിയില്‍നിന്ന് കോഴിക്കോട്ട് എത്തുന്നത്.എല്ലാം പഠിച്ച് 40 വര്‍ഷങ്ങള്‍ക്കു മുന്‍പ് വളാഞ്ചേരി ബസ് സ്റ്റാന്റിന് സമീപം സ്വന്തമായി 'വാണി മ്യൂസിക്കല്‍സ്' ആരംഭിച്ചു. കലാമണ്ഡലം ഹൈദരാലി അഡ്വാന്‍സ് തുകയുമായി കയറിവന്നത് ഇന്നും തിളക്കമുള്ള ഓര്‍മയാണ്. 1978 സപ്തംബറിലെ ഒരു വൈകുന്നേരത്താണ് ബാബുരാജ് അവസാനമായി ആറുമുഖനെ തേടിവന്നത്. ഒരിടവേളയ്ക്കുശേഷം സിനിമയില്‍ വീണ്ടും പാട്ടുകള്‍ കിട്ടിത്തുടങ്ങിയതിന്റെ ആഹ്ലാദത്തിലായിരുന്നു അദ്ദേഹം. 'എനിക്കൊരു ട്രിപ്പിള്‍സെറ്റു പെട്ടിവേണം. വൈകിക്കരുത് നീ. മദ്രാസിലെത്തിയാലുടന്‍ അഡ്വാന്‍സ് അയച്ചുതരാം' ബാബുാജ് പറഞ്ഞു. രണ്ടാഴ്ച കഴിയുംമുമ്പ് ആ വിയോഗവാര്‍ത്ത ആറുമുഖന്റെ കാതുകളിലെത്തി: എം എസ് ബാബുരാജ് അന്തരിച്ചു.
2000ല്‍ കോട്ടക്കലില്‍ ആയുര്‍വേദ ചികില്‍സയ്ക്കായി എത്തിയപ്പോഴാണ് ഗസല്‍ സമ്രാട്ട് മെഹ്ദി ഹസ്സന്‍ ആറുമുഖന്റെ ഹാര്‍മോണിയപ്പെട്ടി തൊട്ടറിയുന്നത്.കോട്ടക്കലെ ചികില്‍സയും കോഴിക്കോട്ടെ ഗസല്‍രാവും കഴിഞ്ഞ് മടങ്ങുമ്പോള്‍ ഗായകസമ്രാട്ടിനൊപ്പം ആറുമുഖന്റെ ഹാര്‍മോണിയവും പാകിസ്താനിലേക്ക് വിമാനം കയറി.50 വര്‍ഷം മുന്‍പ് പണിതു നല്‍കിയ ഹാര്‍മോണിയം റിപ്പയര്‍ ചെയ്യാനായി  ഒരിക്കല്‍ വിദ്യാമാസ്റ്റര്‍ ആറുമുഖന്റെ വീട്ടിലെത്തിയിരുന്നു.  ചുവന്ന അകില്‍ ഉപയോഗിച്ചാണ് ആറുമുഖന്‍ ഹാര്‍മോണിയത്തിന്റെ ചട്ടക്കൂട് പണിയുന്നത്.മറ്റു മരങ്ങളെ അപേക്ഷിച്ച് ഭാരം കുറയും എന്നതാണ് ചുവന്ന അകിലിന്റെ പ്രത്യേകത. പീഞ്ഞക്കഷ്ണങ്ങ ള്‍ (വൈറ്റ് വുഡ്) ആണ് വിരല്‍ക്കട്ടകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. മുംബൈയി ല്‍നിന്നും കൊല്‍ക്കത്തയി ല്‍നിന്നും വരുത്തുന്ന മെറ്റല്‍റീഡുകള്‍ക്കാണ് റീഡ് ബോക്‌സില്‍ സ്ഥാനം.
കാറ്റൂതുന്ന 'ബെല്ലോസി'ന് ആവശ്യമായ ആട്ടിന്‍ തുകലുകള്‍ ചെന്നൈയില്‍നിന്ന് എത്തുന്നു. ട്യൂണിങ് അഥവാ ശ്രുതി ചേര്‍ക്കലാണ് ഹാര്‍മോണിയം നിര്‍മിതിയിലെ പരമപ്രധാനമായ ഘട്ടം. റീഡ് സെറ്റിങ്ങും ട്യൂണിങ്ങും ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയെല്ലാം മരത്തിലുള്ള പണിയാണെന്ന് പറയാം.  22 ശ്രുതിയും കൃത്യമായില്ലെങ്കില്‍ ഹാര്‍മോണിയം എന്നല്ല ഫര്‍ണീച്ചര്‍ എന്നേ പറയാന്‍ കഴിയൂ. മനസ്സില്‍ വിഷമങ്ങളുള്ളപ്പോള്‍ ട്യൂണ്‍ ചെയ്യാറില്ല. ചെയ്താല്‍ നന്നാവില്ല എന്നതുതന്നെ കാരണം'' ആറുമുഖന്‍ പറയുന്നു. ഹാര്‍മോണിയം നിര്‍മ്മാണത്തില്‍ മക്കള്‍ സുരേഷ് ബാബുവും സുനിലും സഹായികളായി ഒപ്പമുണ്ട്.
Next Story

RELATED STORIES

Share it