kozhikode local

ആറുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കുന്ദമംഗലം: വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യം വച്ച് വില്‍പനക്കായി കൊണ്ടുവന്ന ആറ് കിലോയിലധികം കഞ്ചാവുമായി രണ്ടുപേരെ കുന്ദമംഗലം പോലിസും കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷ ന്‍ ഫോഴ്‌സും (ഡന്‍സാഫ്) ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
നരിക്കുനി എരവന്നൂര്‍ സ്വദേശി തുവ്വാട്ടു വീട്ടില്‍ മുഹമ്മദ് റബി (21) നരിക്കുനി പുന്നശ്ശേരി സ്വദേശി കായലാട്ടുമ്മല്‍ മുഹമ്മദ് ആഷിക് (20) എന്നിവരെയാണ് കഞ്ചാവുമായി കുന്ദമംഗലം ചൂലാംവയല്‍ ബസ് സ്റ്റോപ്പിന് സമീപത്തു നിന്ന്് അറസ്റ്റ് ചെയ്തത്. ജില്ലയിലെ നരിക്കുനി, പാറന്നൂര്‍, ചേളന്നൂര്‍, കാരക്കുന്നത്ത്, തടമ്പാട്ടുതാഴം തുടങ്ങിയ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായവര്‍. തമിഴ്‌നാട്,ആന്ധ്രാ പ്രദേശ്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവ് ഇവിടെ എത്തിച്ച് 500 രൂപയുടെ ചെറു പാക്കറ്റുകളാക്കി ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുകയാണ് ഇവരുടെ രീതി.
ഗോവ, ബാംഗ്ലുരു തുടങ്ങിയ സ്ഥലങ്ങളില്‍ ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിനും ഇത്തരം പാര്‍ട്ടികളില്‍ ദീര്‍ഘനേരം സ്വയം മറന്ന് ആടാനും പാടാനും ഊര്‍ജ്ജം നല്‍കുന്ന പുത്തന്‍ തലമുറ മയക്കുമരുന്നുകള്‍ ആയ എല്‍എസ്ഡി, എംഡിഎംഎ എക്റ്റസി, ഹാഷിഷ് , കൊക്കെയിന്‍ തുടങ്ങിയവ വാങ്ങി ഉപയോഗിക്കുന്നതിന് പണം കണ്ടെത്താനുമാണ് ഇവര്‍ കഞ്ചാവ് വില്‍പനിയിലേക്ക് തിരിഞ്ഞത്. പിടിക്കപ്പെട്ട പ്രതികളില്‍ മുഹമ്മദ് റബിയാണ് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നേരിട്ട് പോയി വലിയ അളവിലുള്ള കഞ്ചാവ് നാട്ടില്‍ എത്തിക്കുന്നത്.
പിന്നീട് രഹസ്യ സങ്കേതത്തില്‍ വച്ച് ചെറു പാക്കറ്റുകള്‍ ആക്കിയ ശേഷം കൂട്ടാളിയായ മുഹമ്മദ് ആഷിക്കും സുഹൃത്തുക്കളായ മറ്റു ചിലരും ചേര്‍ന്നാണ് ആവശ്യക്കാരായ യുവാക്കള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും വില്‍പ്പന നടത്തുന്നത്. ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ മഹേഷ് കുമാര്‍ കാളിരാജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡന്‍സാഫിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ലഹരി-മയക്കുമരുന്ന് മാഫിയക്കെതിരായ അന്വേഷണം പോലിസ് കൂടുതല്‍ ഊര്‍ജിതമാക്കിയിരുന്നു.
സമീപകാലത്ത് ജില്ലയില്‍ പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ് അടിസ്ഥാനത്തില്‍ ആന്ധ്രയില്‍നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് കൂടുതല്‍ കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നതെന്ന്്് വ്യക്തമായിട്ടുണ്ട്്്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത് തടയിടാനുള്ള ശക്തമായ നടപടികള്‍ തുടരുമെന്ന് ഡന്‍സാഫിന്റെ ചുമതലയുള്ള സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥ്വിരാജ് അറിയിച്ചു. ഈ മാസം ഇതു വരെയായി 23 കിലോ കഞ്ചാവും കൂടാതെ നിരോധിത ന്യൂജന്‍ ലഹരിമരുന്നുകളായ എംഡിഎംഎ എക്സ്റ്റസി പില്‍സ് 50 എണ്ണം, സ്റ്റാമ്പ് രൂപത്തിലുള്ള എല്‍എസ്ഡി 25 എണ്ണം, ഹാഷിഷ് 50 ഗ്രാം എന്നിവയും ഡന്‍സാഫ് കോഴിക്കോട് പിടികൂടിയിട്ടുണ്ട്.
കുന്ദമംഗലം പോലിസ് സബ് ഇന്‍സ്‌പെകടര്‍ എസ് ബി കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ വേണുഗോപാല്‍, ഡ്രൈവര്‍ സിപിഒ സുബീഷ, ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ അബ്ദുള്‍ മുനീര്‍ , കെ രാജീവന്‍., എം മുഹമ്മദ് ഷാഫി., എം സജി. കെ അഖിലേഷ്, കെ എ ജോമോന്‍, എന്‍ നവീന്‍, കെ പ്രപിന്‍, ജിനേഷ് ചൂലൂര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതികളെ റിമാന്റ് ചെയ്തു.

.
Next Story

RELATED STORIES

Share it