kannur local

ആറളം ഫാമില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് 18.60 കോടി

ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ അനുവദിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സസൂള്‍ യാഥാര്‍ഥ്യത്തിലേക്ക്. സ്‌കൂളിന് കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് 18.60 കോടി രൂപ അനുവദിച്ചു. കിഫ്ബിയില്‍ നിന്നും പണം ലഭ്യമായതോടെ കഴിഞ്ഞ ദിവസം പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു. ഈ അധ്യയന വര്‍ഷം മുതല്‍ താല്‍ക്കാലിക സൗകര്യമൊരുക്കി ക്ലാസ് തുടങ്ങുന്നതിനുള്ള നടപടികളുമാരംഭിച്ചു. പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കില്‍ പത്ത് ഏക്കര്‍ സ്ഥലമാണ് സ്‌കൂളിനായി അനുവദിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ യഥാര്‍ഥ്യമാവുന്നത്.
മലബാറില്‍ നിന്നുള്ള പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ആദ്യഘട്ടത്തില്‍ തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഹോസ്റ്റല്‍ പണിയും.
ക്വാട്ടേഴ്‌സ് സംവിധാനവും ഇതോടൊപ്പം പൂര്‍ത്തിയാക്കും. നേരത്തെ  റെസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ ആരംഭിക്കേണ്ടെന്ന നിലപാടാണ്  പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പ് സ്വീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് മറ്റ് പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവച്ചത്്.ഫാം ഹൈസ്‌കൂള്‍ റസിഡന്‍ഷ്യല്‍ സ്‌കൂളാക്കി ഉയര്‍ത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനായി സ്‌കൂളിനോട് അനുബന്ധിച്ച് ഹോസ്റ്റല്‍ സൗകര്യം ഒരുക്കാനും തീരുമാനമുണ്ടായിരുന്നു. റെസിഡന്‍ഷ്യല്‍ സകൂള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ഫാം ഹൈസ്‌കൂള്‍ പൂട്ടേണ്ടിവരുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഫാം സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആരംഭിക്കുന്നതോടെ രണ്ട് സ്ഥാപനങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാവുമെന്നായിരുന്നു കണ്ടെത്തല്‍. ഫാം സ്‌കൂളില്‍ എം പി ഫണ്ട് ഉപയോഗിച്ച് കോടികളുടെ കെട്ടിട നിര്‍മാണം പൂര്‍ത്തിയായിവരികയാണ്. സമീപഭാവിയില്‍ തന്നെ ഫാം സ്‌കൂളിനെ ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്താനുള്ള സാധ്യതയും ഏറെയാണ്. ചുറ്റുമതില്‍ ഉള്‍പ്പെടെ ലക്ഷങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തിയിരുന്നു. എന്നാല്‍, ഹൈസ്‌കൂള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു
ഫാം സ്‌കൂളില്‍ അഞ്ഞൂറോളം കുട്ടികളാണ് ഇപ്പോള്‍ പഠിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി എസ്എസ്എല്‍സിക്ക് നൂറുമേനി വിജയം നേടാനും സ്‌കൂളിന് കഴിഞ്ഞിരുന്നു. വാഹന സൗകര്യം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനും കഴിയും. ഫാമില്‍ 3500ഓളം ആദിവാസി കുടുംബങ്ങള്‍ക്കാണ് ഒരേക്കര്‍ ഭൂമി വീതം നല്‍കിയത്. ഇതില്‍ 1200ഓളം കുടുംബങ്ങള്‍ മാത്രമാണ് ഫാമില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഭൂമി ലഭിച്ചവരെയെല്ലാം ഫാമില്‍ സ്ഥിരതാമസക്കാരാക്കാനുള്ള നടപടിയും ആരംഭിച്ചിടുണ്ട്.
Next Story

RELATED STORIES

Share it