kannur local

ആറളം ഫാം: കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം വേഗത്തിലാക്കണം

ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ നിന്നു കുടിയിറക്കപ്പെട്ട 17 മുസ്്‌ലിം കുടുംബങ്ങളുടെ പുനരധിവാസ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കുടുംബങ്ങള്‍ക്ക് ഭൂമിയുടെ പട്ടയം ലഭിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും ഭൂമി കാണിച്ചുകൊടുത്തിട്ടില്ലെന്ന് മുസ്്‌ലിം ലീഗ് അംഗം ഇബ്രാഹീം മുണ്ടേരി പറഞ്ഞു. എടക്കാനത്ത്് പട്ടയം അനുവദിച്ച ഭൂമി സ്വകാര്യ ഭൂമിയാണെന്നു കാണിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാലാണ് ഭൂമി അളന്നുനല്‍കാന്‍ കഴിയാത്തതെന്ന് തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവ. പ്ലീഡറില്‍ നിന്നു മനസ്സിലാക്കി കേസ് വേഗത്തിലാക്കാനുള്ള നടപടികള്‍ വേണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സണ്ണിജോസഫ് എംഎല്‍എ പറഞ്ഞു. കേസ് തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിടുമെങ്കില്‍ കുടുംബങ്ങള്‍ക്ക് യോജിച്ച മറ്റൊരു സ്ഥലം കണ്ടെത്തി നല്‍കണം. കുടുംബങ്ങള്‍ക്ക് പട്ടയഭൂമിയില്‍ വീടുവയ്ക്കുന്നതിന് അനുവദിച്ച 3,00,000 രൂപയുടെ കാര്യത്തിലും നടപടി വേണമെന്ന് അദ്ദേഹം പറഞ്ഞു.തലശ്ശേരി-വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ വികസനവുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുടെ ഭൂഗര്‍ഭ കേബിള്‍ വ്യാപകമായി നശിപ്പിച്ചതായി കെഎസ്ഇബി അസി. എക്‌സിക്യൂട്ടി എന്‍ജിനീയര്‍ പരാതിപ്പെട്ടു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കരാര്‍ കമ്പനിയുടേയും കെഎസ്ടിപിയുടെയും വൈദ്യുതി വകുപ്പിന്റെയും യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. പട്ടികജാതി-വര്‍ഗ വികസന വകുപ്പില്‍ നിന്നു ലഭിക്കേണ്ട പണത്തിന്റെ കാലതാസം മൂലം ആദിവാസി വിഭാഗങ്ങള്‍ക്ക് നല്‍കേണ്ട വിവിധ ക്ഷേമ പദ്ധതികള്‍ മുടങ്ങിയതായി താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍കൊണ്ടുവരാമെന്ന് എംഎല്‍എയും തഹസില്‍ദാരും മറുപടി നല്‍കി. പുഴ പുറമ്പോക്ക് കൈയേറ്റം തടയാന്‍ സര്‍വേ നടത്തി അതിര്‍ത്തി നിര്‍ണയിക്കണമെന്ന് പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം മോഹനന്‍ ആവശ്യപ്പെട്ടു. കൊട്ടിയൂര്‍, കേളകം മേഖലകൡ റിസര്‍വേ നടപടികള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ ഉണ്ടാക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ വച്ച് നാലുപേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ അനുവദിച്ച മൂന്നരലക്ഷം രൂപ വിതരണം ചെയ്തു. ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, തോമസ് വലിയതോട്ടി, ജി.എ പ്രീത, വിവിധ കക്ഷിനേതാക്കളായ ചന്ദ്രന്‍ തില്ലങ്കേരി, കെ മുഹമ്മദലി, പായം ബാബുരാജ്, കെ പി രമേശന്‍, ജോര്‍ജ്ജ് കുട്ടി ഇരുമ്പുകുഴി, വിവിധ വകുപ്പ് മേധാവികള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it