Business

ആര്‍ക്കും വേണ്ടാതായോ ? ബാങ്കുകള്‍ എടിഎമ്മുകള്‍ അടച്ചു പൂട്ടിത്തുടങ്ങി

ആര്‍ക്കും വേണ്ടാതായോ ?  ബാങ്കുകള്‍ എടിഎമ്മുകള്‍ അടച്ചു പൂട്ടിത്തുടങ്ങി
X


ന്യൂഡല്‍ഹി : ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മൂന്നുമാസത്തിനിടെ രാജ്യത്ത് അടച്ചുപൂട്ടിയത് 358 എടിഎമ്മുകള്‍. നാലുവര്‍ഷം മുന്‍പു വരെ പ്രതിവര്‍ഷം എടിഎമ്മുകളുടെ എണ്ണത്തില്‍ 16.4 ശതമാനം വരെ വര്‍ധനവുണ്ടായിരുന്ന സ്ഥാനത്താണ് മൂന്നുമാസത്തിനിടെ ഇത്രയും എടിഎമ്മുകള്‍ അടച്ചുപൂട്ടിയതെന്നതാണ് ശ്രദ്ധേയമായ വസ്തുത. ആവശ്യമുള്ളപ്പോള്‍ പണംകിട്ടാതായതോടെ ജനങ്ങള്‍ക്കും പരിപാലനച്ചിലവ് കൂടിയതിനാല്‍ ബാങ്കുകള്‍ക്കും എടിഎമ്മുകളില്‍ താല്‍പര്യം കുറഞ്ഞതാണ് അടച്ചുപൂട്ടലിന് കാരണമായതെന്നാണ് സൂചന.
ഇതൊടൊപ്പം മൊബൈല്‍ വാലറ്റുകളിലൂടെയും മറ്റുമുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ക്കും ഓണ്‍ലൈന്‍ ഷോപ്പിങ്ങിനുമൊക്കെ പ്രചാരമേറിയതും എടിഎമ്മുകളുടെ പ്രാധാന്യം കുറച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ എടിഎമ്മുകളുള്ള എസ്ബിഐ ഓഗസ്റ്റില്‍ എടിഎമ്മുകളുടെ എണ്ണം 59,291ല്‍നിന്ന് 59,200ആയി വെട്ടികുറച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് 10,502ല്‍നിന്ന് 10,083ആയും എച്ച്ഡിഎഫ്‌സി ബാങ്ക് 12,230ല്‍നിന്ന് 12,225 ആയും എടിഎമ്മുകളുടെ എണ്ണം ചുരുക്കി.
നോട്ടു നിരോധനത്തെത്തുടര്‍ന്ന് മാസങ്ങളോളം നോട്ട് ക്ഷാമവും നീണ്ട ക്യൂവുമൊക്കെയായി ആളുകളെ എടിഎമ്മുകള്‍ കുറച്ചൊന്നുമല്ല വലച്ചത്. ഇക്കാലയളവില്‍ കാര്‍ഡ് സൈ്വപ്പിങ് ഉപയോഗിച്ചുള്ള പണമിടപാടുകളിലേക്കും മൊബൈല്‍ വാലറ്റുകളിലേക്കുമൊക്കെ കൂടുതല്‍ ആളുകള്‍ മാറി. അത്യാവശ്യത്തിന് പണം കിട്ടുന്ന സംവിധാനം എന്ന നിലയില്‍ ജനങ്ങള്‍ക്ക് എടിഎമ്മുകളിലുണ്ടായ വിശ്വാസം നഷ്ടപ്പെട്ടതും ഇക്കാലയളവിലാണ്. ഇതോടെ ഒറ്റയടിക്ക് പണം പിന്‍വലിച്ച് കൈയില്‍വച്ച് ഉപയോഗിക്കുന്ന ശമ്പളക്കാരുടെ എണ്ണവും കൂടി. തൊട്ടതിനും പിടിച്ചതിനുമൊക്കെ കനത്ത ഫീസ് ഈടാക്കാന്‍ ആരംഭിച്ചതോടെ കൂടുതല്‍ ആളുകള്‍ എടിഎമ്മുകളെ ആശ്രയിക്കാതെയുമായി.
ഇതിനെല്ലാം പുറമെ ബാങ്കുകള്‍ക്കും എടിഎമ്മുകളോട് താല്‍പര്യം കുറയുകയാണ്. വൈദ്യുതിക്കും വാടകയ്ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ക്കും മറ്റു ചെലവുകള്‍ക്കുമായി കനത്ത തുകയാണ് ഓരോ എടിഎമ്മിനും വേണ്ടി ബാങ്കുകള്‍ ചെലവഴിക്കുന്നത്. പരിപാലനച്ചെലവും വാടകയുമൊക്കെ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ എടിഎമ്മുകള്‍ അടച്ചുപൂട്ടുന്നത് തന്നെയാണ് നല്ലതെന്ന് ബാങ്കുകളും ചിന്തിച്ചു തുടങ്ങി.
Next Story

RELATED STORIES

Share it