Flash News

ആര്‍എസ്എസ് നേതൃത്വത്തിലുള്ള സ്‌കൂളുകള്‍ക്ക് വിലക്ക്‌

കൊല്‍ക്കത്ത: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള 125 സ്‌കൂളുകള്‍ പൂട്ടാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ സിലബസ് പഠിപ്പിക്കാതെ സ്വന്തം സിലബസ് പിന്തുടരുന്ന സ്‌കൂളുകള്‍ക്കാണ് പൂട്ടാന്‍ നിര്‍ദേശം നല്‍കിയതെന്നു വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി അറിയിച്ചു. ആര്‍എസ്എസിന്റെ കീഴില്‍ 400ല്‍ അധികം സ്‌കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 125 സ്‌കൂളുകള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ബാക്കിയുള്ളവയുടെ കാര്യത്തിലും ഉടന്‍ നടപടി കൈക്കൊള്ളുമെന്നും എതിര്‍പ്പില്ലാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവയാണ് ഈ സ്‌കൂളുകളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ആര്‍എസ്എസ് പരിശീലനത്തെയും മന്ത്രി വിമര്‍ശിച്ചു. സ്‌കൂളുകള്‍ വടി ചുഴറ്റാന്‍ പഠിക്കേണ്ട സ്ഥലമല്ല. ആരുടെ കീഴിലുള്ളതായാലും സ്‌കൂളുകളില്‍ വര്‍ഗീയത അല്ല പഠിപ്പിക്കേണ്ടത്. മുന്‍ സര്‍ക്കാരാണ് ഇവയ്ക്കു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. സര്‍ക്കാര്‍ നടപടിക്കെതിരേ ആര്‍എസ്എസ് കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. സ്‌കൂളുകളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ ഒരുക്കമല്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
അതേസമയം, പൂട്ടാന്‍ നോട്ടീസ് നല്‍കിയ സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നവയാണെന്ന് ആര്‍എസ്എസ് നേതാക്കള്‍ പ്രതികരിച്ചു. സ്‌കൂളുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it