ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മാധ്യമപ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: തങ്ങള്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എം ജെ അക്ബറിനെതിരേ ലൈംഗിക പീഡനാരോപണം ഉന്നയിച്ച വനിതാ മാധ്യമ പ്രവര്‍ത്തകര്‍. കേന്ദ്രമന്ത്രി എം ജെ അക്ബര്‍ ആരോപണം നിഷേധിച്ച് രംഗത്തുവരികയും രാഷ്ട്രീയ ലാക്കോടെയുള്ളതാണ് ആരോപണങ്ങളെന്നും വ്യക്തമാക്കി മണിക്കൂറുകള്‍ക്കകമാണു തങ്ങളുന്നയിച്ച കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ആരോപണമുന്നയിച്ച വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. അക്ബറിന്റെ പ്രതികരണത്തില്‍ നിരാശയുണ്ടെന്നും അതില്‍ ഒട്ടും ആശ്ചര്യമില്ലെന്നും ദ ഏഷ്യന്‍ ഏജിന്റെ റസിഡന്റ് എഡിറ്റര്‍ കൂടിയായ, ആരോപണമുന്നയിച്ച വനിതാ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ സുപര്‍ണ ശര്‍മ പറഞ്ഞു.
ഞാന്‍ ഇന്ത്യന്‍ പൗരത്വമുള്ളയാളല്ല. തനിക്കിവിടെ വോട്ടില്ല. അതുകൊണ്ട് ഒരുവിധ രാഷ്ട്രീയ അജണ്ടയും തനിക്കില്ലെന്നു ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആരോപണമുന്നയിച്ച മറ്റൊരു മാധ്യമ പ്രവര്‍ത്തകയായ മജ്‌ലീ ഡി പുയ്കിംമ്പ് പ്രതികരിച്ചു. സംഭവത്തില്‍ തന്റെ പിതാവ് അക്ബറിനയച്ച ഇ-മെയിലും അതില്‍ അദ്ദേഹത്തിന്റെ പ്രതികരണവും തെളിവായുണ്ടെന്നും മജ്‌ലീ വ്യക്തമാക്കി. 2007ല്‍ ഏഷ്യന്‍ ഏജില്‍ ഇന്റേണി ആയിരുന്ന വേളയില്‍ തന്നെ ബലംപ്രയോഗിച്ച് ചുംബിക്കാന്‍ ശ്രമിച്ചുവെന്നാണു മജ്‌ലീ ആരോപിച്ചത്.
ഏതു വിധേനയും വിഷയത്തെ നേരിടാന്‍ അക്ബര്‍ തീരുമാനിച്ചിട്ടുണ്ട്. തങ്ങളുടെ ജീവനും തൊഴിലും വിലയായി നല്‍കിയാണു തങ്ങള്‍ സംസാരിക്കുന്നതെന്നും പ്രമുഖ വനിതാ മാധ്യമപ്രവര്‍ത്തക പ്രിയ രമണി കൂട്ടിച്ചേര്‍ത്തു. പത്രപ്രവര്‍ത്തകയായ കനിക ഗഹ്‌ലോട്ടും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതികരിച്ചു.

Next Story

RELATED STORIES

Share it