World

ആരോപണം അസംബന്ധമെന്ന് റഷ്യ; രാജ്യാന്തര വിദഗ്ധരുടെ സഹായം തേടി ബ്രിട്ടന്‍

മോസ്‌കോ: ബ്രിട്ടനു വേണ്ടി ചാരവൃത്തി നടത്തിയ മുന്‍ റഷ്യന്‍ ഉദ്യോഗസ്ഥനു നേരെയുണ്ടായ വിഷ ആക്രമണത്തില്‍ റഷ്യക്ക് പങ്കുണ്ടെന്ന വാദം ശുദ്ധ അസംബന്ധമാണെന്നു വഌദിമിര്‍ പുടിന്‍. പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസന്വേഷണത്തില്‍ ബ്രിട്ടനുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ചാരന്മാരില്‍ നിന്നുള്ള ആക്രമണമാണ് സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും നേരെ നടന്നിരുന്നതെങ്കില്‍ അവര്‍ ഇത്ര ദിവസം ജീവിച്ചിരിക്കില്ലെന്നും പുടിന്‍ പറഞ്ഞു.
രാസവസ്തു ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന ആരോപണം തെളിയിക്കാന്‍ ബ്രിട്ടന്‍ രാജ്യാന്തര വിദഗ്ധരുടെ സഹായം തേടി. ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് വിദഗ്ധ സംഘം ഇതിനായി ബ്രിട്ടനിലെത്തും. രാസവസ്തുവിന്റെ ഉറവിടം കണ്ടെത്താനാണു ശ്രമം. ഇതിനായുള്ള വിദഗ്ധ സംഘം ഇന്നു ബ്രിട്ടനിലെത്തുമെന്നു വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.
വരുംദിവസങ്ങളില്‍ റഷ്യക്കെതിരേ കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാവുമെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. റഷ്യയുടെ ഭാഗത്തുനിന്നു നിഷ്‌കളങ്കമായ പ്രതികരണമല്ല ഉണ്ടായതെന്നും ഇതുതന്നെ അവരുടെ പങ്കു വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍, ആക്രമണത്തിന് ഉപയോഗിച്ച രാസവസ്തു നിര്‍മിച്ചത് ബ്രിട്ടനിലെ വില്‍റ്റ്‌ഷെയറിലുള്ള കെമിക്കല്‍ ലാബിലാണെന്നു റഷ്യ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it