ആരോപണം അടിസ്ഥാനരഹിതം: കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടലുണ്ടായെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണം തള്ളി കോണ്‍ഗ്രസ്. അടിസ്ഥാനരഹിതമായ ആരോപണമാണു മോദി ഉന്നയിക്കുന്നതെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്തമാക്കി. ഒട്ടും സത്യമോ, വസ്തുതകളോ ഇല്ലാത്തതാണു മോദിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സുപ്രധാന വ്യോമതാവളമായ പത്താന്‍കോട്ടിലേക്കു പാക് ഇന്റലിജന്‍സ് ഓഫിസര്‍മാര്‍ക്കടക്കം പ്രവേശനം നല്‍കിയ ബിജെപിയാണു ശരിക്കും പാകിസ്താന്‍ സ്‌നേഹികളെന്നും സുര്‍ജേവാല പറഞ്ഞു. പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിന്റെ കുടുംബത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതും പാക് ബന്ധത്തിനു തെളിവാണെന്നും അദ്ദേഹം പറയുന്നു. ഉദ്ദംപൂരിലെയും ഗുര്‍ദാസ്പൂരിലെയും ആക്രമണങ്ങള്‍ക്കു ശേഷം നവാസ് ശരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തിനു വിളിക്കാതെ കയറിച്ചെന്നത് ആരാണ്. അപ്പോള്‍ ആര്‍ക്കാണു പാകിസ്താനോട് സ്‌നേഹമെന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം. പാകിസ്താനില്‍നിന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് നേരിടാനാണെങ്കില്‍ പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ പത്താന്‍കോട്ടിലേക്ക് കയറ്റിയതാരെന്നു ചോദിക്കേണ്ടിവരും- സുര്‍ജേവാല റയുന്നു. ഗുജറാത്തില്‍ ബിജെപിയുടെ അവസ്ഥ പരിതാപകരമാവുമെന്ന ഭയം മോദിക്കുണ്ട്. അതുകൊണ്ടാണു മോദി അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി വരുന്നതെന്നും സുര്‍ജേവാല വ്യക്തമാക്കി.അതെസമയം, കോണ്‍ഗ്രസ് നേതാവായ മനീഷ് തിവാരിയും ബിജെപിക്കെതിരെ വിമര്‍ശനവുമായെത്തി. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അവരുടെ ഹൈക്കമ്മീഷണറെ പ്രധാനമന്ത്രി പുറത്താക്കണമെന്നു തിവാരി പറഞ്ഞു. ബിജെപി സര്‍ക്കാരുകള്‍ പാകിസ്താന്‍ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിലവാരമില്ലാത്തതാണെന്നും തിവാരി വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it