malappuram local

ആരോഗ്യ ജാഗ്രത: ചേലേമ്പ്രയില്‍ ആരോഗ്യ സേന വിപുലപ്പെടുത്താന്‍ ഗ്രാമസഭകളില്‍ തീരുമാനം

തേഞ്ഞിപ്പലം: പകര്‍ച്ചപ്പനികള്‍ റിപോര്‍ട്ട് ചെയ്തിരുന്ന ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ 18വാര്‍ഡുകളില്‍ ഒരാഴ്ചയ്ക്കിടെ നടത്തിയ ഗ്രാമസഭകളില്‍ കൊതുക് ജന്യരോഗങ്ങള്‍, ജലജന്യ രോഗങ്ങള്‍ മറ്റു പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും പഞ്ചായത്ത് തലത്തിലും വാര്‍ഡുതലത്തിലും നടത്തേണ്ട രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആരോഗ്യ പ്രവര്‍ത്തകര്‍ വിശദീകരിച്ചു.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരേ പഞ്ചായത്ത് രാജ്, പൊതുജനാരോഗ്യ നിയമങ്ങള്‍ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കാനും ഗ്രാമസഭകള്‍ തീരുമാനമെടുത്തു. പഞ്ചായത്തിലെ ഓരോ വീട്ടിലും ഒരു അരോഗ്യ വോളന്റിയര്‍ എന്ന രീതിയില്‍ ആരോഗ്യ സേന വിപുലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, രോഗങ്ങളെക്കുറിച്ചും രോഗ പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ചും അറിയുകയും അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുക, രോഗ നിരീക്ഷണം ആരോഗ്യവകുപ്പിനെയും പഞ്ചായത്തിനെയും യഥാസമയങ്ങളില്‍ അറിയിക്കുക എന്നതായിരിക്കും ആരോഗ്യ സേനാ വോളന്റിയര്‍മാരുടെ മുഖ്യ ചുമതലകള്‍.
ഇതിനുപുറമെ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന വ്യക്തികളെക്കുറിച്ചും വീടുകളെയും  സ്ഥാപനങ്ങളെക്കുറിച്ചും ഇവര്‍ക്ക് വിവരം നല്‍കാവുന്നതാണ്. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗ്രാമസഭകളിലൂടെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നും അധികൃതര്‍ പറഞ്ഞു. പഞ്ചായത്ത് രാജ് നിയമപ്രകാരം ജുണ്‍ മാസത്തില്‍ ഇന്നലെ വരെ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചതിന് 19000രൂപയും പുകയില നിയന്ത്രണ നിയമ പ്രകാരം 1400രൂപയും പിഴ ചുമത്തി. വരും ദിവസങ്ങളില്‍ നിയമനടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it