ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി; ഓപ്ഷന് അവസരം നല്‍കണം: പെന്‍ഷന്‍കാര്‍ നിയമനടപടികളിലേക്ക്

നഹാസ് ആബിദിന്‍ നെട്ടൂര്‍

മരട് (കൊച്ചി): സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാര്‍ക്കു വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് (മെഡിസെപ്) ഓപ്ഷന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം പെന്‍ഷന്‍കാര്‍ നിയമനടപടികളിലേക്കു നീങ്ങുന്നു. സാലറി ചലഞ്ചിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിസമ്മതപത്രം ഹൈക്കോടതിയും സുപ്രിംകോടതിയും റദ്ദാക്കിയ സാഹചര്യത്തിലാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമ്പോള്‍ അതില്‍ ചേരുന്നതിനുള്ള വിവേചനാവകാശം (ഓപ്ഷന്‍) കിട്ടണമെന്നാവശ്യപ്പെട്ട് പെന്‍ഷന്‍കാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനുള്ള പെന്‍ഷന്‍കാരുടെ വിവരശേഖരണം നടക്കുകയാണ്. സബ്ട്രഷറി വഴി ഇതിനുള്ള അപേക്ഷാ ഫോറം വിതരണം ചെയ്യുന്നുണ്ട്. നവംബര്‍ 15നകം ഫോറം പൂരിപ്പിച്ചുനല്‍കണമെന്നാണ് പെന്‍ഷന്‍കാര്‍ക്കുള്ള നിര്‍ദേശം. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് നിലവില്‍ പ്രതിമാസം 300 രൂപയാണ് മെഡിക്കല്‍ അലവന്‍സായി സര്‍ക്കാ ര്‍ നല്‍കുന്നത്. ഇങ്ങനെ പ്രതിവര്‍ഷം നല്‍കുന്ന 3600 രൂപ പിടിച്ചെടുത്താണ് പെന്‍ഷന്‍കാരെയെല്ലാം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സര്‍ക്കാര്‍ ചേര്‍ക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആശുപത്രികളില്‍ മൂന്നുലക്ഷം രൂപ വരെയുള്ള ചികില്‍സ നടത്താമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പെന്‍ഷന്‍കാരുടെ ചികില്‍സാ തുക ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ തന്നെ നല്‍കുമത്രേ.
അതേസമയം, പെന്‍ഷന്‍കാരില്‍ 80 ശതമാനം പേരും 60 കഴിഞ്ഞ വയോധികരും ജീവിതശൈലീരോഗങ്ങള്‍ക്കടക്കം ചികില്‍സ തേടുന്നവരുമാണ്. 70നു മുകളില്‍ പ്രായമുള്ളവരും ഏറെയുണ്ട്. അഞ്ചുലക്ഷത്തോളം സര്‍വീസ് പെന്‍ഷന്‍കാരാണ് സംസ്ഥാനത്തുള്ളത്. സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ ബഹുഭൂരിപക്ഷം പെന്‍ഷന്‍കാര്‍ക്കും താല്‍പര്യമില്ല. കാര്യക്ഷമവും ഫലപ്രദവുമായ ചികില്‍സ ലഭ്യമാവില്ലെന്നാണ് ഇവര്‍ പറയുന്നത്. പെന്‍ഷന്‍ സംഘടനകള്‍ക്കും ചില നേതാക്കള്‍ക്കും മാത്രമാണ് ഇതില്‍ താല്‍പര്യം. അതു രാഷ്ട്രീയവുമാണ്. രോഗികളായവര്‍ക്ക് ഒപി ചികില്‍സ, നിലവിലെ ഡോക്ടര്‍മാരുടെ സേവനം തുടര്‍ന്നു ലഭിക്കല്‍, മരുന്നു വാങ്ങല്‍, ആശുപത്രിയും ഡോക്ടര്‍മാരെയും തേടിയുള്ള വയോധികരായ പെന്‍ഷന്‍കാരുടെ അലച്ചില്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ചികില്‍സയുടെ ഭാഗമായി അഭിമുഖീകരിക്കേണ്ടിവരുന്നതും ദുരിതമാവുമെന്ന് ഇവര്‍ പറയുന്നു. നിലവില്‍ കിട്ടുന്ന 300 രൂപ പ്രതിമാസം ഇല്ലാതാവുന്നതും ഒട്ടേറെപേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. വയോധികരായ പെന്‍ഷന്‍കാര്‍ക്കെല്ലാം സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് ചികി ല്‍സാപദ്ധതി പറയുന്നതുപോലെ അത്ര എളുപ്പമാവില്ല. ചികില്‍സാ ബില്ലുകള്‍ ഇന്‍ഷുറന്‍സ് ഓഫിസുകളില്‍ എത്തിക്കാനും ഏറെ ബുദ്ധിമുട്ടേണ്ടിവരും.
അതേസമയം, താല്‍പര്യമുള്ള പെന്‍ഷന്‍കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനും താല്‍പര്യമില്ലാത്തവര്‍ക്ക് ഒഴിവാകാനും അവകാശമുണ്ട്. ഈ അവകാശം പെന്‍ഷന്‍കാര്‍ക്ക് നിഷേധിച്ചിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ വിതരണം ചെയ്ത മെഡിസെപ് പ്രോഫോമയില്‍. പദ്ധതിയില്‍ നിന്ന് ഒഴിവാകാനുള്ള അവകാശം രേഖപ്പെടുത്താന്‍ എവിടെയും അവസരങ്ങളില്ല. ഓപ്ഷന്‍ നല്‍കാനുള്ള ഒരു കോളം അപേക്ഷാഫോറത്തില്‍ കാണുന്നില്ല. ഇതാണ് പെന്‍ഷന്‍കാരെ നിയമനടപടികളിലേക്കു നീങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നത്.

Next Story

RELATED STORIES

Share it