kozhikode local

ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്ടറുകള്‍ ആവശ്യത്തിനില്ല; രോഗികള്‍ക്ക് ദുരിതം

കോഴിക്കോട്: ആയിരക്കണക്കിന് രോഗികള്‍ ചികില്‍സ തേടുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആവശ്യത്തിന് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം രോഗികളും ബന്ധുക്കളും യാതന അനുഭവിക്കുന്നു. ആര്‍എസ്ബിവൈ പ്രകാരം ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കാണ് ചികില്‍സാ ആനുകൂല്യത്തിനും കാര്‍ഡ് തിരികെ ലഭിക്കുന്നതിനുമായി എട്ടും പത്തും മണിക്കൂര്‍ ആശുപത്രി വരാന്തയില്‍ കാത്തിരിക്കേണ്ടി വരുന്നത്.
കാര്‍ഡുമായി രോഗിയോ ബന്ധുക്കളോ ടോക്കണെടുത്ത് കാത്തിരിക്കണം. രോഗിയെ പരിചരിക്കുകയും ഇന്‍ഷു റന്‍സ് ആനുകൂല്യത്തിന്റെ പിന്നാലെ നടക്കുകയോ ചെയ്യാന്‍ ഒരിക്കലും ഒരാള്‍ മതിയാവില്ല. കാര്‍ഡിലുള്‍പ്പെട്ട ആളുടെ വിരലടയാളം രേഖപ്പെടുത്തി ബോധ്യപ്പെട്ടാല്‍ മാത്രമേ ചികില്‍സാ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇതോടെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ടോക്കണ്‍ ആശുപത്രി അധികൃതരുടെ കൈവശത്തിലായിരിക്കും.
തുടര്‍ന്ന് ഓരോ ദിവസത്തെ ആനുകൂല്യങ്ങള്‍ക്കും മരുന്നിനും പ്രത്യേകം ക്യൂ നില്‍ക്കണം. ക്യൂവില്‍ നിന്നു മരുന്ന് ലഭിക്കുന്നതിനാവട്ടെ വീണ്ടും മണിക്കൂറുകളെടുക്കും. രോഗിയെ ഡിസ്ചാര്‍ജ് ചെയ്യലാവട്ടെ അധികൃതരുടെ കൈവശമുള്ളവര്‍ക്ക് തിരികെ ലഭിക്കണമെങ്കില്‍ മണിക്കൂറുകള്‍ വീണ്ടും കാത്തിരിക്കണം. ഇന്‍ഷുറന്‍സ് കൗണ്ടറുകള്‍ക്ക് മുന്നില്‍ വാക് തര്‍ക്കവും ബഹളവും നിത്യ സംഭവമാണ്.
മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്ടറില്ലാത്തത് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രധാന ആശുപത്രിയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്ടറിനെയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ ചികില്‍സയിലുള്ളവരും ആശ്രയിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് പ്രധാന ആശുപത്രി. രജിസ്‌ട്രേഷന്‍, കാന്‍സലേഷന്‍, മരുന്നു ശീട്ടില്‍ സീല്‍ പതിപ്പിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഇവിടെ വരെ എത്തേണ്ടത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. രാത്രി കാലങ്ങളില്‍ രജിസ്‌ട്രേഷനും മറ്റും കഴിഞ്ഞ് തിരിച്ചു പോവാന്‍ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് ആശുപത്രിവരെ കൂട്ടുപോവുന്ന ജോലിയും സെക്യൂരിറ്റിക്കാര്‍ ചെയ്യണം.
ന്യൂറോളജി, കാര്‍ഡിയോളജി, നെഫ്രോളജി, യൂറോളജി വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലാണ് ആരോഗ്യ ഇന്‍ഷുറന്‍സ് രോഗികള്‍ ഏറ്റവും കൂടുതല്‍ വരുന്നത്. പല സന്ദര്‍ഭങ്ങളിലും രോഗി മാത്രമായിരിക്കും കാര്‍ഡിലുള്ളത്. ഗുരുതര രോഗികളാണെങ്കിലും ഓഫിസിലെത്തി വിരലടയാളം വെച്ചാല്‍ മാത്രമേ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കു.
സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിലവില്‍ വന്നിട്ട് പത്തു വര്‍ഷം കഴിഞ്ഞിട്ടും ഇവിടെ ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്ടര്‍ തുറത്താത്തത് രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. പ്രധാന വിഭാഗങ്ങളെല്ലാം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് പ്രവര്‍ത്തിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ എത്രയും പെട്ടെന്ന് കൗണ്ടര്‍ തുറക്കണമെന്ന് രോഗികള്‍ പറയുന്നു.
Next Story

RELATED STORIES

Share it