Articles

ആരോഗ്യവകുപ്പ് നക്കാപ്പിച്ച വകുപ്പാണിന്ന്

വെട്ടും തിരുത്തും - പി എ എം ഹനീഫ്

നമ്മുടെ ആരോഗ്യമന്ത്രിമാരില്‍ എത്രപേരെ കേരളീയര്‍ ഓര്‍ക്കുന്നു? കോഴിക്കോട് മെഡിക്കല്‍ കോളജ് സ്ഥാപിച്ച എ ആര്‍ മേനോനെ പഴയ തലമുറ മറക്കില്ല. ഒന്നാമത്തെ കാരണം, കുറുക്കന്‍ ഓരിയിട്ട് സമീപവാസികളെ ഭയപ്പെടുത്തിയിരുന്ന മായനാടും പരിസരങ്ങളും പകല്‍ പോലും ജനം ഭയപ്പെട്ടു. മുന്നൂറോ അതിലധികമോ ഏക്കര്‍ കുന്ന് നികത്തി കാടു വെട്ടിത്തെളിച്ച് ആശുപത്രി പണിയുമ്പോള്‍ മിസ്റ്റര്‍ മേനോന്റെ മനസ്സില്‍ 2050 വരെയെങ്കിലും ആ മണ്ണില്‍ ആതുരാലയങ്ങള്‍ ഉയരണമെന്നായിരുന്നു. കുറുക്കന്‍കുന്നില്‍ മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടു എന്നതു മാത്രമല്ല, ചേവായൂരിലും മാവൂരിലും വെള്ളിപറമ്പിലുമുള്ള ആളുകേറാമൂലകളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും മി. മേനോന്‍ സ്ഥലം കണ്ടെത്തി. പെട്ടെന്നാണല്ലോ 57ലെ മേനോന്‍ ഉള്‍പ്പെട്ട മന്ത്രിസഭ പിഴുതെറിയപ്പെടുകയും പട്ടവും ശങ്കറും ഒക്കെ കൂടി ഇന്നത്തെ ഗതിയില്ലാത്ത രാഷ്ട്രീയത്തിലേക്ക് കേരളത്തെ നയിച്ചതും. ബി വെല്ലിങ്ടണ്‍, വി എം സുധീരന്‍, ഡോ. അടിയോടി, എ സി ഷണ്‍മുഖദാസ് എന്നിവരും പ്രശ്‌നഭരിതമായ പൊതുജനാരോഗ്യ മേഖലയെ സംശുദ്ധമാക്കാന്‍ ഭാവനയും സ്വന്തം കഴിവുകളും വിളവിറക്കിയവരാണ്. കുറ്റം പറയരുതല്ലോ, മരുന്നുകച്ചവടത്തിലൊക്കെ അത്യാവശ്യം 'തരികിട' കളിച്ചെങ്കിലും പി കെ ശ്രീമതിയും ആരോഗ്യമേഖല കുറച്ചൊക്കെ സംശുദ്ധമാക്കി. ഒട്ടനവധി പര്‍ച്ചേസുകളുടെ മേഖലയാണ് ആരോഗ്യവിഭാഗം. ഇന്നിപ്പോള്‍ എക്‌സ്‌റേ ഫിലിം മുതല്‍ ഫില്‍റ്റര്‍ ചെയ്ത പച്ചവെള്ളവും പഞ്ഞിയും പരുത്തിത്തുണിയും അടക്കം കോടികളുടെ പര്‍ച്ചേസ്. വന്‍കിട യന്ത്രങ്ങളുടെ മറവില്‍ അതിലേറെ. കൈനീട്ടി ചോദിച്ചില്ലെങ്കിലും ഉത്തരേന്ത്യയില്‍ നിന്നും ചെന്നൈയില്‍ നിന്നുമുള്ള 'ഭായി'മാര്‍ അതീവ രഹസ്യമായി റസ്റ്റ് ഹൗസുകളിലെത്തി ടോക്കണ്‍ നല്‍കും. ടോക്കണ്‍ നിറം നോക്കി ഏജന്റുമാര്‍ അതത് സംസ്ഥാനങ്ങളിലെത്തിക്കും. 25 ലക്ഷത്തിനു മുകളില്‍ ചുവപ്പ്, താഴോട്ട് മഞ്ഞ, നീല ടോക്കണുകള്‍.കോണ്‍ഗ്രസ്സുകാരനാണെങ്കിലും വി എം സുധീരന്‍ ദല്ലാള്‍മാരെ പടിക്കു പുറത്തുനിര്‍ത്തി. കേരളത്തിലെ മുഴുവന്‍ ആശുപത്രികളും പൊതുജനാരോഗ്യ കേന്ദ്രങ്ങളും പെയിന്റടിക്കാന്‍ ദല്ലാള്‍മാര്‍ എ സി ഷണ്‍മുഖദാസിനെ സമീപിച്ചതും അദ്ദേഹം കോപിച്ച് മാഫിയാസംഘത്തെ ആട്ടിയിറക്കിയതും ദിനപത്രങ്ങള്‍ അന്നു വാര്‍ത്ത പുറത്തുവിട്ടില്ലെങ്കിലും സംഭവം ഗ്വാളിയോര്‍ റയോണ്‍സിലെ സാബു ഇടപെട്ട കേസായതിനാല്‍ പുറംലോകം അറിഞ്ഞില്ല. പത്രപ്രവര്‍ത്തകരുടെ ക്ലബ്ബുകള്‍ക്കൊക്കെ ആ കേസില്‍ നല്ല ദമ്പിടി കെണിഞ്ഞതായി അന്നു വാര്‍ത്തയുണ്ടായിരുന്നു. വിംസി ജീവിച്ചിരിക്കെ ഇത്തരം ഒരു ദമ്പിടിക്കേസില്‍ മാതൃഭൂമിക്കു വേണ്ടി അസൈന്‍മെന്റ് എനിക്കു ലഭിച്ചു. വിഷയം ആശുപത്രി കാന്റീനിലേക്കുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ കരാറുകാര്‍ എത്ര അമുക്കുന്നു എന്നതായിരുന്നു. രോഗികള്‍ക്ക് വിവിധ കേസുകളില്‍ വ്യത്യസ്തമായ മെനു ഉണ്ട്. ആട്ടിറച്ചി മുതല്‍ ശുദ്ധമായ പശുവിന്‍പാല്‍ വരെ. അന്വേഷണത്തില്‍ ഇടപ്പള്ളിയിലെ ഒരു റൊട്ടി നിര്‍മാണക്കമ്പനി മുതല്‍ കോഴിക്കോട്ടെ ബേക്കറി മേലാളന്മാര്‍ വരെ 1981-82ല്‍ 60 ലക്ഷത്തിലധികം കമ്മീഷന്‍, കോഴ ഇടപാടുകള്‍ ഞാന്‍ ഫയല്‍ സഹിതം കണ്ടെടുത്തു. പി കൃഷ്ണന്‍ നായര്‍ എന്ന പേരില്‍ അഴിമതി നിരോധന സെല്ലിലുണ്ടായിരുന്ന കോഴമിടുക്കന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൈതൊഴുത് അഭ്യര്‍ഥിച്ചു: 'പ്ലീസ്; പലരും കുടുങ്ങുന്ന കേസാണ്...' അന്നു സൂപ്രണ്ടായിരുന്ന കാസര്‍കോട്ടെ മൈതീന്‍ കുഞ്ഞ് ധൈര്യപൂര്‍വം മുന്നോട്ടുപോവാന്‍ കൊടി വീശി. അക്കാലം വന്‍കിട പത്രങ്ങളില്‍ 'കാപ്പി റാക്കു പിടിച്ച റെയില്‍വേ പോലിസ് അറസ്റ്റിലായി' എന്ന പൊടി വാര്‍ത്തയുണ്ടായി ചില പോലിസുകാര്‍ ശിക്ഷിക്കപ്പെട്ടതൊഴിച്ചാല്‍ എന്റെ മുഴുവന്‍ അധ്വാനവും നിഷ്ഫലമായി; വിംസിയും തോറ്റു. ഒന്നും വെളിച്ചം                   കണ്ടില്ല. കെ കെ ശൈലജ എന്ന ഇന്നത്തെ ആരോഗ്യമന്ത്രിയുടെ ഇടപാടുകള്‍ വലിയൊരു മാഫിയ നിയന്ത്രിക്കുന്നു. 28,000ത്തിന്റെ കണ്ണടയൊക്കെ നിസ്സാര പ്രശ്‌നം. എന്തു ചെയ്യാം; എല്ലാവരും എല്ലാറ്റിനു മുന്നിലും കണ്ണടയ്ക്കുകയാണ്. ഹെല്‍ത്ത് ഡയറക്ടറേറ്റില്‍ പ്രശ്‌നങ്ങളുടെ അഴിയാക്കുരുക്കുകളാണ്. സിപിഎം ഇത്രയേറെ കമ്മീഷന്‍ ഇടപാടു നടത്തുമോ? കൈക്കൂലി വാങ്ങുമോ? എ ആര്‍ മേനോന്‍, മുണ്ടശ്ശേരി തുടങ്ങിയ പഴയ മന്ത്രിതലമുറകളുടെ ആ നിഷ്‌കളങ്കതാപൂക്കാലം നാം മറക്കുക. ഇന്നു കൈയിട്ടുവാരലാണ്. കിട്ടിയവര്‍ കിട്ടിയവര്‍ അമുക്കുകയാണ്. ആരോഗ്യമേഖല ആകെ അര്‍ബുദം ബാധിച്ച് പഴുത്തു വിങ്ങുകയാണ്. സഹിക്കുക തന്നെ. പഴുപ്പും നീരും ആരോഗ്യമേഖലയാകെ പൊട്ടിയൊലിക്കുകയാണ്. വിജിലന്‍സും                   ഇടപെട്ടുതുടങ്ങി.                                      ി
Next Story

RELATED STORIES

Share it