ആരോഗ്യമേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍; സെമിനാര്‍ മൂന്നിന്

തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ അനുദിനം വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ ആലോചിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും സാന്നിധ്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഏകദിന സെമിനാര്‍ നടത്തുന്നു. സെമിനാറില്‍ ന്യായാധിപന്മാരും ആരോഗ്യവിദഗ്ധരും പങ്കെടുക്കും.
ഈ മാസം 3ന് 9.30 മുതല്‍ 4.30 വരെ പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലുള്ള ഒളിംപ്യാ ചേംബേഴ്‌സില്‍ നടക്കുന്ന സെമിനാര്‍ രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് ചടങ്ങില്‍ അധ്യക്ഷനായിരിക്കും. ഡോ. ശശി തരൂര്‍ എംപി പ്രഭാഷണം നടത്തും.
മനുഷ്യാവകാശ നിയമവും ആരോഗ്യമേഖലയിലെ പരാതികളും, ചികില്‍സാര്‍ഥികള്‍ക്കുള്ള അവകാശവും നിയമപരിരക്ഷയും, ചികില്‍സാപിഴവും നിയമപരിപാലനവും, ആരോഗ്യപരിപാലനവും ഡോക്ടര്‍മാരും, ദയാവധം മാനുഷികമോ, ആരോഗ്യമേഖലയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും തുടങ്ങി ആരോഗ്യമേഖല ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സെമിനാറില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ കമ്മീഷന്‍ രേഖാമൂലം സര്‍ക്കാരിനു സമര്‍പ്പിക്കും.
Next Story

RELATED STORIES

Share it