ആരാണ് ശ്രീനിവാസന്‍; എഐസിസി സെക്രട്ടറി നിയമനത്തിനെതിരേ സുധീരന്‍

തിരുവനന്തപുരം: കെ ശ്രീനിവാസനെ എഐസിസി സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള പാര്‍ട്ടി തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. പാര്‍ട്ടി സംസ്ഥാനനേതൃത്വംപോലും അറിയാതെ എറണാകുളം സ്വദേശിയായ ഒരാള്‍ ദേശീയ ചുമതലയുള്ള നേതാവായത് പിന്‍വാതില്‍ നിയമനം തന്നെയാണെന്ന് സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തനരംഗത്ത് മതിയായ പരിചയംപോലുമില്ലാത്ത ഒരാള്‍ ഇത്ര സുപ്രധാന സ്ഥാനത്ത് എത്തിപ്പെട്ടത് ഒഴിവാക്കേണ്ടതായിരുു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതും തെറ്റായ സന്ദേശം നല്‍കുന്നതുമായ ഈ നടപടിയോടുള്ള വിയോജിപ്പ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചതായും സുധീരന്‍ പറയുന്നു.
ഉമ്മന്‍ചാണ്ടിയെയും കെ സി വേണുഗോപാലിനെയും പി സി വിഷ്ണുനാഥിനെയും കേന്ദ്രനേതൃത്വത്തിലേക്കു പരിഗണിച്ചത് സംസ്ഥാനത്തെ കോണ്‍ഗ്രസ്സുകാരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ തീരുമാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒരു ശ്രീനിവാസന്‍ എഐസിസി സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അല്‍ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ്സിനെ സ്‌നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞത്.
ആരാണീ ശ്രീനിവാസന്‍ എന്ന ചോദ്യമാണ് വ്യാപകമായി പാര്‍ട്ടിപ്രവര്‍ത്തകരുടെ മനസ്സില്‍ ഉയരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തനരംഗത്ത് മതിയായ പശ്ചാത്തലമില്ലാത്ത ഒരാള്‍ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു? ഏതായാലും പിന്‍വാതിലില്‍കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Next Story

RELATED STORIES

Share it