malappuram local

ആയുര്‍വേദത്തെ കൂടുതല്‍ പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി

കോട്ടക്കല്‍: മാറിയ ജീവിത സാഹചര്യത്തില്‍ ആയുര്‍വേദത്തെ പൂര്‍ണമായ അര്‍ത്ഥത്തില്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടക്കല്‍ ആയുര്‍വേദ കോളജ് ധന്വന്തരി ഭവന്‍ ആശുപത്രി സമുച്ചയത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം.
ജാതിയുടെയും ഉപജാതിയുടെയും സാമുദായികന്തരീക്ഷത്തില്‍ തളച്ചിരുന്ന ആയുര്‍വേദ വിദ്യാഭ്യാസത്തെ സാര്‍വത്രികതയുടെ അനന്തവിഹായസ്സിലേക്ക് തുറന്നുവിടാന്‍ പരിശ്രമിച്ച സ്ഥാപനമാണ് ആയുവേദ കോളജ്. തേനും വയമ്പും തൊട്ട് കുട്ടിക്കാലം മുതലെ മലയാളികള്‍ ആയുര്‍വേദത്തെയാണ് ആശ്രയിക്കുന്നത്. കാലത്തിനനുസരിച്ച് ഈ മേഖലയില്‍ ഇനിയും ഗവേഷണങ്ങള്‍ നടത്തി മുന്നേറേണ്ടതുണ്ട്. വിവിധരാജ്യങ്ങളില്‍നിന്ന് ചികില്‍സതേടി നിരവധി ആളുകള്‍ വന്നുകൊണ്ടിരിക്കുന്ന ശോഭനമായ കാലഘട്ടമാണിത്. സേവനമനോഭാവത്തോടെയും അര്‍പ്പണബോധത്തോടെയും പൂര്‍വികര്‍ നമുക്കു കൈമാറിതന്ന ആയുര്‍വേദത്തെ അതേരീതിയില്‍ നിലനിര്‍ത്തികൊണ്ടുപോവാന്‍ പുതിയതലമുറ തയ്യാറാവണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പിജി കോഴ്‌സുകളില്‍ രണ്ടു സീറ്റുകളുടെ പിജി ഡിപ്ലോമ കോഴ്‌സുകളും കേരളത്തിലെ സര്‍ക്കാര്‍ കോളജുകളില്‍ തുടങ്ങുമ്പോള്‍ തന്നെ കോട്ടക്കല്‍ ആയുര്‍വേദ കോളജിലും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും കോളജിനെ യൂനിവേഴ്‌സിറ്റിയാക്കുന്നകാര്യം ചര്‍ച്ച ചെയ്തുവരികയാണെന്നും സംസ്ഥാന ആരോഗ്യ വമന്ത്രി കെ കെ ശൈലജ പറഞ്ഞു.
ജില്ലാ കലക്ടര്‍ അമിത് മീണ, വൈദ്യശാല മനേജിങ് ട്രസ്റ്റി പി കെ വാര്യര്‍, എംഎല്‍എമാരായ കെ കെ ആബിദ് ഹുസയ്ന്‍ തങ്ങള്‍, പി കെ അബ്ദുറബ്ബ്, ഇ ടി മുഹമ്മദ് ബഷീര്‍. എംപി, പി എം വാരിയര്‍, പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കേണല്‍ എസ്എഫ്എച് റിസ്‌വി സംസാരിച്ചു. ശതാബ്ദി പ്രഥമദിന പോസ്റ്റല്‍ കവര്‍ പ്രകാശനം പി കെ വാര്യര്‍ക്ക് നല്‍കി മുഖ്യമന്ത്രി നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it