malappuram local

ആയിരത്തൊന്നു രാവുകളിലെ കഥാകാരി ഷെഹ്‌റസാദ്

തൃശൂര്‍: ആയിരത്തൊന്നു രാവുകളില്‍ കഥ പറഞ്ഞു പേര്‍ ഷ്യന്‍ ചക്രവര്‍ത്തിയെ വിസ്മയിപ്പിച്ച ഷെഹ്‌റസാദ് തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ മലയാളം കവിതാ രചനയിലും എ ഗ്രേഡ് നേടി വിസ്മയമാവുകയാണ്. ഇന്ന് കാശിത്തുമ്പ വേദിയില്‍ നടക്കുന്ന മലയാളം കഥാരചനയിലും ഈ ഭാവി വാഗ്ദാനം ഒരു കൈ നോക്കാനെത്തുന്നുണ്ട്. മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10ാം തരം വിദ്യാര്‍ഥിയായ ഈ പെണ്‍കുട്ടി 'പാമ്പും കോണിയും' എന്ന വിഷയത്തില്‍ ആധുനിക കവിത രചിച്ചാണ് എ ഗ്രേഡ് നേടിയത്. കളിക്കാരും കരുക്കളും എന്ന ശീര്‍ഷകത്തിലായിരുന്നു ഷെഹ്‌റസാദിന്റെ സാമൂഹിക വിമര്‍ശനം ഉള്‍ക്കൊള്ളുന്ന കവിത. രണ്ടിനങ്ങളിലും മലപ്പുറം ജില്ലയില്‍ നിന്നും ഒന്നാം സ്ഥാനം നേടിയാണ് തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ ഇവര്‍ മല്‍സരിക്കാനെത്തിയത്. വലിയ സാഹിത്യ കമ്പക്കാരനും വായനക്കാരനുമായിരുന്ന പിതാവ് ഫാസിലാണ് മകള്‍ക്ക് ആയിരത്തൊന്നു രാവുകളിലെ രാജകുമാരിയുടെ പേരിട്ടത്. പേരിനെ അന്വര്‍ത്ഥമാക്കികൊണ്ട് ഈ കുട്ടി കഥകളും കവിതകളും നോവലുകളും വായിക്കുകയും രചിക്കുകയുമാണ്. കവിതയിലൂടെയും കഥയിലൂടെയും പുതിയ ആകാശവും പുതിയ ഭൂമിയും നേടികൊണ്ടിരിക്കുന്നു. ഉമ്മ ഹസീന മകള്‍ പഠിക്കുന്ന അതേ സ്‌കൂളിലെ മലയാളം അധ്യാപികയാണ്. മാതാപിതാക്കളാണ് കഥയിലും കവിതയിലും ഷെഹ്‌റസാദിന്റെ വഴികാട്ടികള്‍. 2015 ല്‍ അങ്കണം നടത്തിയ ചെറുകഥയ്ക്കുള്ള മല്‍സരത്തില്‍ ഈ കുട്ടിക്കായിരുന്നു ഒന്നാം സ്ഥാനം. ഇന്നു നടക്കുന്ന കഥാരചനയിലും എ ഗ്രേഡ് കിട്ടുമെന്ന പ്രതീക്ഷ അവര്‍ തേജസുമായി പങ്കുവെച്ചു.
Next Story

RELATED STORIES

Share it