World

ആന്‍ഡ്രൂ ബ്രന്‍സന്‍ യുഎസില്‍

ആങ്കറ: തുര്‍ക്കിയില്‍ നിന്ന് ജയില്‍മോചിതനായ പാസ്റ്റര്‍ ആന്‍ഡ്രൂ ബ്രന്‍സന്‍ യുഎസില്‍ എത്തി. യുഎസ് സൈനിക വിമാനത്തില്‍ യാത്രതിരിച്ച ബ്രൂന്‍സന്‍ മേരിലാന്‍ഡിലെ സൈനികതാവളത്തിലാണ് വിമാനമിറങ്ങിയത്. രണ്ടുവര്‍ഷത്തെ തുര്‍ക്കിയിലെ ജയില്‍വാസത്തിനു ശേഷം തിരിച്ചെത്തിയ അദ്ദേഹത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വാഗതംചെയ്തു.
ബ്രന്‍സനിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു. യുഎസിലേക്കുള്ള യാത്രയ്ക്കിടെ ബ്രന്‍സന്‍ ജര്‍മനിയില്‍ വൈദ്യപരിശോധന നടത്തി. 2016ലെ പട്ടാള അട്ടിമറി ശ്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് അദ്ദേഹത്തെ കോടതി മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. 20 വര്‍ഷമായി തുര്‍ക്കിയില്‍ കഴിയുന്ന പാസ്റ്റര്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
വിഷയത്തില്‍ യുഎസ്-തുര്‍ക്കി നയതന്ത്രബന്ധം വഷളായിരുന്നു. ബ്രന്‍സനെ കൂടാതെ മുന്‍ നാസ ശാസ്ത്രജ്ഞനും യുഎസ് കോണ്‍സുലേറ്റിലെ മൂന്ന് ജീവനക്കാരും തുര്‍ക്കിയില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. ഇവരെയും തുര്‍ക്കി ഉടന്‍ മോചിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് യുഎസ്.

Next Story

RELATED STORIES

Share it