World

ആന്‍ഗല മെര്‍ക്കലിന് സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പിന്തുണ

ബെര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ തുടരുന്നതിനു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എസ്പിഡി) പിന്തുണ. എസ്പിഡി പിന്തുണ ലഭിച്ചതോടെ മഹാസഖ്യത്തിന് അടുത്ത അഞ്ചുവര്‍ഷം കൂടി ജര്‍മനിയില്‍ ഭരണത്തില്‍ തുടരാന്‍ സാധിക്കും. 2013ലാണ് സഖ്യം ജര്‍മനിയില്‍ അധികാരത്തിലെത്തിയത്. ആന്‍ഗല മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയനും (സിഡിയു) ബവേറിയയിലെ ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂനിയനു (സിഎസ്‌യു)മാണ് സഖ്യത്തിലെ മറ്റു കക്ഷികള്‍.
എസ്പിഡിയുടെ മൂന്നില്‍ രണ്ട് അംഗങ്ങള്‍ മഹാ സഖ്യത്തില്‍ പങ്കാളികളാവുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു.
മുന്നണിക്ക് എസ്പിഡി പിന്തുണ ലഭിച്ചതോടെ നാലു മാസത്തിലധികമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് വിരാമമാവുന്നത്. ഈ മാസം പകുതിയോടെയാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുക. കഴിഞ്ഞ സപ്തംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ പാര്‍ട്ടി തനിച്ച് ഭൂരിപക്ഷം നേടാത്തതിനെയും എസ്പിഡി പിന്തുണ ഉറപ്പിക്കാന്‍ സാധിക്കാത്തതിനെയും തുടര്‍ന്നായിരുന്നു അനിശ്ചിതത്വം.
ഈ മാസം 14ഓടെ ആന്‍ഗല മെര്‍ക്കല്‍ വീണ്ടും ജര്‍മന്‍ ചാന്‍സലറായി സ്ഥാനമേല്‍ക്കും. തുടര്‍ച്ചയായി നാലാം തവണയാണ് മെര്‍ക്കല്‍ ജര്‍മന്‍ ഭരണനേതൃത്വത്തിലെത്തുന്നത്. 2005ലെ സിഡിയു, സിഎസ്‌യു, എസ്പിഡി സഖ്യസര്‍ക്കാരിന്റെ ഭാഗമായാണ് മെര്‍ക്കല്‍ ആദ്യമായി ചാന്‍സലറായത്. തുടര്‍ന്ന്, 2009ല്‍ അധികാരത്തിലേറിയ സിഡിയു-ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി സഖ്യ സര്‍ക്കാരിനും മെര്‍ക്കല്‍ നേതൃത്വം നല്‍കി. 2013ല്‍ വീണ്ടും സിഎസ്‌യു, എസ്പിഡി പാര്‍ട്ടികളുമായി മെര്‍ക്കലിന്റെ പാര്‍ട്ടി സഖ്യമുണ്ടാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it