Alappuzha local

ആധുനിക എംആര്‍ഐ സ്‌കാനിങ് സെന്റര്‍ സജ്ജമാവുന്നു

അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ആധുനിക എം ആര്‍ ഐ സ്‌കാനിങ് സെന്റര്‍ സജ്ജമാകുന്നു. അടുത്തമാസം ആദ്യവാരം രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കും. 15 കോടി രൂപ ചെലവില്‍ ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത സിമെന്‍സിന്റെ അത്യന്താധുനിക യന്ത്രമാണ് പ്രവര്‍ത്തനസജ്ജമാകുന്നത്.
നിലവില്‍ പൊതുമേഖലാസ്ഥാപനമായ എച്ച് എല്‍ എല്‍ ഹിന്ദ്‌ലാബിന്റെ നേതൃത്വത്തിലാണ് എം ആര്‍ ഐ സ്‌കാനിഗ് പ്രവര്‍ത്തിക്കുന്നത്. ഇതിലും ആധുനികമികവോടെയാണ് ആശുപത്രിയില്‍ പൂര്‍ത്തിയാകുന്ന  എം ആര്‍ ഐക്കുള്ളത്. ശബ്ദക്കുറവ്, സമയലാഭം, പരിശോധനകള്‍ക്കായി രോഗികളെകിടത്തുന്ന ഭാഗത്തിന്റെ വ്യാസക്കൂടുതല്‍ തുടങ്ങിയ പ്രത്യേകതകളാണുള്ളത്. പരിശോധനസമയം കുറയുന്നതിലൂടെ കൂടുതല്‍ രോഗികള്‍ക്ക് എളുപ്പത്തില്‍ പരിശോധനഫലം ലഭ്യമാക്കാനാകും.
മറ്റു എം ആര്‍ ഐ യന്ത്രങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചാലുണ്ടാകുന്ന ബദ്ധിമുട്ടുകള്‍ പുതിയവയില്‍ ഉണ്ടാകില്ല. അതിനാല്‍ 24 മണിക്കൂറും തുടര്‍ച്ചയായുള്ള പ്രവര്‍ത്തനമാവും യന്ത്രം കാഴ്ചവെയ്ക്കുക. വൈദ്യുതിബന്ധം നിലച്ചാല്‍ ജനറേറ്റലും ഇതിനുശേഷം ആവശ്യമായിവന്നാല്‍ അരമണിക്കൂര്‍ യു പി എസ് സംവിധാനത്തിലും യന്ത്രം പ്രവര്‍ത്തിപ്പിക്കാനാകും.
മറ്റ് എം ആര്‍ ഐ യന്ത്രങ്ങള്‍ക്ക്  ആറുമാസത്തില്‍ ഒരിക്കല്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി അഞ്ചു മുതല്‍ ആറ് ലക്ഷം രൂപവരെ ചെലവഴിക്കേണ്ടിവരുമ്പോള്‍ സിമെന്‍സ് യന്ത്രത്തിന് അഞ്ചുവര്‍ഷത്തില്‍ ഒരിക്കലാകും തുക ചെലവഴിക്കേണ്ടിവരുക. ഇത് സര്‍ക്കാരിന്റെ ധനനഷ്ടം കുറയ്ക്കും.
യന്ത്രം പ്രവര്‍ത്തന സജ്ജമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രീകൃത ശീതീകരണ സംവിധാനം പൂര്‍ത്തീകരിച്ചു. ഭാവിയില്‍ സി ടി സ്‌കാന്‍ പ്രവര്‍ത്തിപ്പിക്കാനാകുംവിധം ഇതിനോട് ചേര്‍ന്ന് ആവശ്യമായ മുറിയും സജ്ജമാക്കിയിട്ടുണ്ട്. ഒപ്പം രോഗികള്‍ക്കും ജീവനക്കാര്‍ക്കുമായി നാല് ശുചിമുറി, രണ്ട് ഡ്രസിംഗ് റൂം, ഇരിപ്പിട സൗകര്യങ്ങള്‍ അടിയന്തരഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അലാറം എന്നിവയും സജ്ജീകരിച്ചുവരുന്നു.
സിമെന്‍സ് കമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതെന്ന് പ്രൊജക്ട് മാനേജര്‍ കെ ശങ്കരന്‍കുട്ടി പറഞ്ഞു.   നിലവില്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന എച്ച് എല്‍ എല്‍ എം ആര്‍ ഐ സ്‌കാനിങ് സെന്റര്‍വഴി നിത്യേന 25 ഓളം രോഗികളുടെ പരിശോധനയാണ് ശരാശരി നടക്കുന്നത്.
സര്‍ക്കാര്‍ സംവിധാനത്തിലുള്ള എം ആര്‍ ഐ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ കൂടുതല്‍ രോഗികള്‍ക്ക് ഇത് പ്രയോജനപ്പടും. കൂടാതെ പരിശോധന ചെലവും കുറയ്ക്കാനാകും.  ഏപ്രില്‍ അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ആശുപത്രിക്ക് കൈമാറണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ ആര്‍ വി രാംലാല്‍ പറഞ്ഞു
Next Story

RELATED STORIES

Share it