ആധാറില്‍ ജാതി- മത വിവരങ്ങള്‍ സൂക്ഷിക്കുന്നില്ലെന്ന് യുഐഡിഎഐ

ന്യൂഡല്‍ഹി: ആധാര്‍ നിയമപ്രകാരം വ്യക്തികളുടെ ജാതി, മതം, വംശം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നില്ലെന്നു സവിശേഷ വ്യക്തിവിവര അതോറിറ്റി (യുഐഡിഎഐ) സുപ്രിംകോടതിയില്‍ വ്യക്തമാക്കി.
ജനസംഖ്യാപരമായ ഇത്തരം വിവരങ്ങള്‍ ശേഖരിച്ച് പൗരന്‍മാര്‍ക്കിടയില്‍ വിവേചനത്തിനു കാരണമാവുന്നില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും യുഐഡിഎഐ വ്യക്തമാക്കി. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് അതോറിറ്റിയുടെ അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തു വികസനം സാധ്യമാവണമെങ്കില്‍ സ്വാതന്ത്ര്യമില്ലായ്മയുടെ മുഖ്യ സ്രോതസ്സുകളായ ദാരിദ്ര്യവും ദുര്‍ഭരണവും ഇല്ലാതാക്കണമെന്നു നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമര്‍ത്യാസെന്നിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ രാകേശ് ദ്വിവേദി വാദിച്ചത്.
റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതു പുരോഗതിയാണെന്നു ഞാന്‍ കരുതുന്നുവെന്നു പറഞ്ഞ രാകേശ ദ്വിവേദിയോട് കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിയോജിച്ചു. ഇത് മികച്ച ഭരണത്തിന്റെ മാതൃകയാണെന്നു താന്‍ കരുതുന്നില്ലെന്നു ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ആനുകൂല്യങ്ങള്‍ വ്യക്തിഗതമാവരുതെന്നും നിലവില്‍ ഇതിനേക്കാള്‍ നല്ല ബദലുകള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it