ആധാറിന്റെ രാഷ്ട്രീയ പൊരുള്‍

ടി  ജി  ജേക്കബ്
രണ്ടു വര്‍ഷവും 35 ദിവസത്തെ ഹിയറിങും കഴിഞ്ഞ് ആധാര്‍ കേസുകളുടെ വിധി പറയല്‍ സുപ്രിംകോടതി മാറ്റിവച്ചു. ജസ്റ്റിസ് പുട്ടസ്വാമിയുടെ പെറ്റീഷന്‍ ഉള്‍പ്പെടെ 35 പെറ്റീഷനുകളാണ് കോടതിയുടെ ഭരണഘടനാ ബെഞ്ചിനു മുന്നില്‍. വിധി പറയുന്നത് മാറ്റിവച്ചതിനു പിന്നിലുള്ള കാരണം വ്യക്തമല്ല. ജഡ്ജിമാരുടെ ഇടയിലെ അനൈക്യമാവാം. കേസിന്റെ ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ കണക്കിലെടുത്താവാം. അതൊന്നുമല്ലെങ്കില്‍ ജുഡീഷ്യറിയുടെ പുറത്തുനിന്നുള്ള സ്വാധീനങ്ങളാവാം. എന്തായാലും കോടതിയുടെ മുന്നിലുള്ള കാര്യമായതിനാല്‍ ആധാറിനെക്കുറിച്ച് ഗൗരവപൂര്‍വമായ ചര്‍ച്ചകള്‍ കോടതിയലക്ഷ്യമായി വ്യാഖ്യാനിക്കപ്പെടാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ നടക്കുന്ന ചര്‍ച്ചകള്‍ ലാഘവത്തോടുകൂടിയതാകുന്നു. അതെന്തായാലും ഒരു കാര്യം വളരെ വ്യക്തമാണ്. ഈ കേസ് ജുഡീഷ്യറിയുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിന്റെ ആസിഡ് ടെസ്റ്റാണ്. അടുത്ത കാലത്ത് സുപ്രിംകോടതി പുറപ്പെടുവിച്ച ചില വിധികളുടെ, പ്രത്യേകിച്ചും ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച വിധിയുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ആധാര്‍ കേസ് വമ്പിച്ച പ്രാധാന്യം കൈവരിക്കുന്നു. അത് ജുഡീഷ്യറിയുടെ മൗലികതയെ തന്നെ ബാധിക്കുന്ന ഒന്നായി മാറുന്നു. ജസ്റ്റിസ് ലോയ കേസില്‍ സുപ്രിംകോടതി ഹൈക്കോടതിയെ ശരിവച്ച്, പുതിയ അന്വേഷണം ആവശ്യമില്ല എന്നായിരുന്നു വിധിച്ചത്. അതോടെ ലോയ കേസ് അടഞ്ഞ അധ്യായമായി. ഹൈക്കോടതി വിധിയില്‍ ഇടപെടുന്ന കീഴ്‌വഴക്കം സൃഷ്ടിക്കുന്നത് നല്ലതല്ലെന്ന ധ്വനി അതിലുണ്ട്. ആധാര്‍ കേസിന്റെ കാര്യത്തില്‍ കോടതിക്ക് യുക്തിഭദ്രതയോടെ കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരും. അതായത് എന്തുകൊണ്ട് ആധാര്‍ എന്നു പറയേണ്ടിവരും. കേസ് ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഭരണഘടനാ അവകാശങ്ങളുടെ മൗലിക പ്രശ്‌നങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടവയായതുകൊണ്ടുതന്നെ ഒരു ഒഴുക്കന്‍ വിധി പരമോന്നത നീതിപീഠത്തിന്റെ അസ്തിത്വത്തെ ബാധിക്കും. സര്‍ക്കാര്‍ പറയുന്നത് 90 ശതമാനം ആള്‍ക്കാരും ആധാര്‍ കാര്‍ഡ് എടുത്തുകഴിഞ്ഞു എന്നാണ്. ഇത് ഉദ്ധരിച്ചുകൊണ്ട്, എന്തായാലും കാര്യം നടന്നുകഴിഞ്ഞു, ഇനി അതില്‍ ഇടപെട്ടിട്ടും കാര്യമില്ലെന്നു പറഞ്ഞാല്‍ ജനങ്ങള്‍ അംഗീകരിക്കേണ്ടിവരും- അതു സുപ്രിംകോടതി പറയുന്നതായതുകൊണ്ട്. പക്ഷേ, അത് മൗലികമായ ഭരണഘടനാ അവകാശങ്ങളെ കണക്കിലെടുക്കാതെയുള്ള നിഗമനമാവും. സുപ്രിംകോടതി അങ്ങനെ ചെയ്യുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. നിരവധി കേസുകള്‍ ഫയലില്‍ സ്വീകരിച്ചുകഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ആധാര്‍ പ്രശ്‌നത്തിന്റെ വ്യാപ്തി ചുരുങ്ങിയിട്ടുണ്ട്. ഇപ്പോള്‍ പ്രധാനമായും ഇതിനെച്ചൊല്ലിയുള്ള നിയമയുദ്ധം ആധാര്‍ കാര്‍ഡിന്റെ മുഖ്യസ്വഭാവമായ ബയോമെട്രിക് തിരിച്ചറിയല്‍ മാര്‍ഗങ്ങള്‍ പൊതുക്ഷേമ പദ്ധതികള്‍ക്കു പുറമേയുള്ള എല്ലാ മേഖലകളിലും നിര്‍ബന്ധിതമാക്കണോ വേണ്ടേ എന്നതായിരിക്കുന്നു. കേസുകളില്‍ വാദങ്ങള്‍ നടക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആധാര്‍ നിര്‍ബന്ധിതമാക്കുന്നതില്‍ എല്ലാ ശ്രമവും നടത്തുകയും ചെയ്യുന്നുണ്ട്. ഇതിന്റെ അര്‍ഥം, കോടതിവിധി എന്തായാലും ആധാര്‍ നിര്‍ബന്ധിതമാക്കുക എന്ന യജ്ഞത്തില്‍ സര്‍ക്കാര്‍ സ്വന്തം അധീനതയിലുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നു എന്നതാണ്. ഇത് കോടതിയലക്ഷ്യമാണോ അല്ലേ എന്നത് ആരാണ് തീരുമാനിക്കേണ്ടത്? തീര്‍ച്ചയായും കോടതിക്ക് അറിയാന്‍ വയ്യാത്ത കാര്യമല്ലിത്. അതുപോലെത്തന്നെ ആധാര്‍ രേഖകളുടെ സുരക്ഷിതത്വം. ആധാര്‍ ഒട്ടും സുരക്ഷിതമല്ലെന്ന വസ്തുത പലതവണ പുറത്തുവന്നുകഴിഞ്ഞു. പുറത്തുവന്ന വസ്തുതകള്‍ വസ്തുനിഷ്ഠമായി അന്വേഷിക്കുന്നതിനു പകരം, പുറത്തുകൊണ്ടുവന്നവരെ വേട്ടയാടുകയായിരുന്നു ആധാര്‍ അതോറിറ്റി ചെയ്തത്. വേട്ടയാടല്‍ വഴി സുരക്ഷിതത്വം ഒട്ടുമില്ലെന്ന വസ്തുത യുഐഎഐ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ്. അല്ലെങ്കില്‍ ഇങ്ങനെ വിറളിപിടിക്കേണ്ട കാര്യമില്ലല്ലോ. ആധാറിന്റെ കാര്യം മാത്രമല്ല ഇന്ത്യയുടെ സൈബര്‍ സുരക്ഷാ സംവിധാനം പൊതുവേ വളരെ ദുര്‍ബലമാണെന്ന് പല തവണ തെളിഞ്ഞിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റേത് ഉള്‍പ്പെടെ പല മന്ത്രാലയങ്ങളുടെയും വെബ്‌സൈറ്റ് ഒന്നില്‍ കൂടുതല്‍ തവണ ഹാക്ക് ചെയ്യപ്പെട്ടത് പത്രവാര്‍ത്തയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് ശത്രുരാജ്യമെന്നു കരുതപ്പെടുന്ന ചൈനയില്‍ നിന്നായിരുന്നെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇന്ത്യ ലക്ഷക്കണക്കിന് ഐടി കൂലികളെ നിര്‍മിക്കുന്നുണ്ട്. പക്ഷേ, അതിന്റെയര്‍ഥം ഇന്ത്യ ഐടി രംഗത്തെ ഒരു വന്‍ശക്തിയാണെന്നേയല്ല. സുപ്രിംകോടതിയോ കീഴ്‌ക്കോടതികളോ കണക്കിലെടുക്കാത്ത പലതും ആധാര്‍ പദ്ധതിയിലുണ്ട്. അതൊക്കെ കോടതിയുടെ അധികാരപരിധിക്കു പുറത്താണെന്ന് വേണമെങ്കില്‍ കരുതാവുന്നതാണ്. അതുകൊണ്ടുതന്നെ അതൊന്നും ചര്‍ച്ച ചെയ്യുന്നത് കോടതിയലക്ഷ്യമാവുകയുമില്ല. ആധാര്‍ ആദ്യം അവതരിക്കുന്നത് കോണ്‍ഗ്രസ് ഭരണകാലത്താണ്. അന്നു പറഞ്ഞത് പൊതുഖജനാവില്‍ നിന്നു ജനക്ഷേമ പദ്ധതികള്‍ക്കു വേണ്ടി ചെലവാക്കുന്ന ലക്ഷക്കണക്കിനു കോടികളില്‍ നിന്നു നല്ലൊരു ശതമാനം ചോര്‍ന്നുപോവുന്നുവെന്നും ആ ചോര്‍ച്ച തടയാന്‍ ഇങ്ങനെയൊരു തിരിച്ചറിയല്‍ സംവിധാനം ആവശ്യമാണ് എന്നുമാണ്. അതായത്, അനര്‍ഹരെ ക്ഷേമപദ്ധതികളില്‍ നിന്ന് ഒഴിവാക്കാന്‍ കുറ്റമറ്റ തിരിച്ചറിയല്‍ സംവിധാനം വേണമെന്ന്. അതിനു ബയോമെട്രിക് തിരിച്ചറിയല്‍ രേഖയാണ് വേണ്ടതെന്ന്. ഒരു ലളിതമായ കാര്യം ഇതിന്റെ ഉപജ്ഞാതാക്കള്‍ക്ക് അറിയില്ലെന്നു തോന്നുന്നു. കൈകള്‍ കൊണ്ട് അധ്വാനിക്കുന്നവരുടെ വിരലടയാളങ്ങള്‍ സ്ഥിരമല്ല. അതു മാറിക്കൊണ്ടിരിക്കും. കഠിനാധ്വാനം ചെയ്യുന്ന സാധാരണക്കാര്‍ക്ക് തിരിച്ചറിയാന്‍ പറ്റുന്ന വിരലടയാളങ്ങള്‍ കാണണമെന്നുതന്നെയില്ല. ബയോമെട്രിക് അടയാളങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്യക്ഷമത കുറവാണ്. അതിനാല്‍ കുറേയേറെ വ്യാജമാണെന്ന കാര്യത്തില്‍ മറ്റൊന്നും ചൂണ്ടിക്കാണിക്കേണ്ട ആവശ്യമില്ല. ആധാറിനു സമമായ തിരിച്ചറിയല്‍ കാര്‍ഡ് പല രാജ്യങ്ങളും നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അമേരിക്കയും യുകെയും ഇസ്രായേലും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജനങ്ങളുടെ എതിര്‍പ്പ് മാനിച്ച് ആ ഉദ്യമങ്ങള്‍ ഉപേക്ഷിച്ചു. ഹിറ്റ്‌ലര്‍ അധികാരത്തില്‍ കയറിയപ്പോള്‍ ജര്‍മനിയില്‍ അതു വിജയകരമായി നടപ്പാക്കി. ജര്‍മനിക്കുള്ളിലെ ശുദ്ധീകരണപ്രക്രിയക്ക് ഈ കാര്‍ഡ് വളരെയധികം പ്രയോജനപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിന് ഇങ്ങനെയുള്ള തിരിച്ചറിയല്‍ സംവിധാനം ഉപകാരപ്പെടുത്താമെന്ന് ഹിറ്റ്‌ലറുടെ ജര്‍മനി തെളിയിച്ചു. ആധാര്‍ അതേ രീതിയില്‍ ഇന്ത്യയില്‍ ആരെങ്കിലും പ്രയോജനപ്പെടുത്തുമെന്ന് ഈ പറയുന്നതിന് അര്‍ഥമില്ല. ചരിത്രം അങ്ങനെത്തന്നെ ഒരിക്കലും ആവര്‍ത്തിക്കാറില്ല. എന്നിരുന്നാലും പല ഘടകങ്ങളും ആവര്‍ത്തിക്കാറുമുണ്ട്. ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ ആധാര്‍ സ്റ്റൈല്‍ തിരിച്ചറിയല്‍ രേഖ ഒഴിവാക്കേണ്ടവരെ തിരിച്ചറിയാന്‍ വേണ്ടി മാത്രമല്ല ഉപയോഗിച്ചത്. ജര്‍മന്‍ ദേശീയതയിലെ ഒരു ഉത്തരവാദപ്പെട്ട അംഗം എന്ന രീതിയിലുള്ള തെളിവായും ഉപയോഗിച്ചിരുന്നു. ജര്‍മന്‍ ദേശീയത ആഗോളതലത്തില്‍ അക്രമസ്വഭാവം പ്രകടമാക്കുന്നതിനു മുമ്പുതന്നെ ആരൊക്കെയാണ് യഥാര്‍ഥ ജര്‍മന്‍കാര്‍ എന്നതിന്റെ ഔദ്യോഗിക രേഖയായിരുന്നു അവരുടെ തിരിച്ചറിയല്‍ കാര്‍ഡ്.                ി(അവസാനിക്കുന്നില്ല.)
Next Story

RELATED STORIES

Share it