Editorial

ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ചആശങ്ക വര്‍ധിപ്പിക്കുന്നു

ആധാര്‍ പദ്ധതിയുടെ സാധുത കോടതിയുടെ പരിഗണനയിലാണ്. പദ്ധതിയെക്കുറിച്ച് പലപ്പോഴായി ഉയര്‍ന്ന ആശങ്കകള്‍ കൂടുതല്‍ ഉറപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം ദി ട്രിബ്യൂണ്‍ പുറത്തുവിട്ട വിവരങ്ങള്‍. ഓണ്‍ലൈന്‍ ഇടപാട് വഴി അജ്ഞാത ഇടനിലക്കാരില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍  ലഭി ച്ചുവെന്നും വെറും 500 രൂപ മാത്രം നല്‍കി അനേകായിരം ആധാര്‍ വിവരങ്ങള്‍ വാങ്ങിയെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ആധാര്‍ പ്രഖ്യാപിച്ചതും നടപ്പാക്കിയതും കോണ്‍ഗ്രസാണ്. അന്നു ശക്തമായി എതിര്‍ത്ത ബിജെപിയാണ് ഇന്ന് ആധാറിനു വേണ്ടി നിലകൊള്ളുന്നത്. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ അടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നു. 120 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആര്‍ക്കും വലിയ പ്രയാസമില്ലാതെ ലഭിക്കുമായിരുന്നുവെന്നാണ് തെളിയുന്നത്. ആറു മാസത്തോളമായി ഇടപാട് നടക്കുന്നു.വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത നിഷേധിച്ച യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) തൊട്ടുപിറകെ, ഉന്നതതലത്തില്‍ അതോറിറ്റി ഉപയോഗിക്കുന്ന ഒൗദ്യോഗിക വെബ്‌സൈറ്റ് മരവിപ്പിച്ചു. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും വിരലടയാളം ഉള്‍പ്പെടെ ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി. വിവരങ്ങള്‍ ചോര്‍ത്താന്‍ നുഴഞ്ഞുകയറുന്നവരെ നിരീക്ഷിക്കാനും പ്രതിരോധിക്കാനും സംവിധാനമുണ്ട്. എല്ലാ വിവരങ്ങളും ചോര്‍ന്നിട്ടില്ലെന്ന വാദം അംഗീകരിച്ചാല്‍ പോലും സുരക്ഷാകവചത്തില്‍ വിള്ളല്‍ വീഴ്ത്താനും ചില വിവരങ്ങളെങ്കിലും പുറത്തുകടത്താനും സാധ്യമാവുമെന്നാണ് തെളിയുന്നത്. ശേഖരിച്ച വിവരങ്ങള്‍ ചോരുന്നത് ഇത്രയും കാലമായി അതോറിറ്റിയുടെ നിരീക്ഷണത്തില്‍ പെട്ടില്ലെന്നതും അതു തടയാനായില്ലെന്നതും ആശങ്കാജനകമാണ്.  ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് വാര്‍ത്ത നല്‍കിയ പത്രത്തിനും ലേഖികയ്ക്കുമെതിരേ കേസെടുത്തിരിക്കുന്നു. വാര്‍ത്തയില്‍ പരാമര്‍ശിച്ച മൂന്നു പേരെയും എഫ്‌ഐആറില്‍ പ്രതികളായി ചേര്‍ത്തിട്ടുണ്ട്. വിവരങ്ങള്‍ ചോര്‍ത്തിയതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടാവാമെന്നുമാണ് എഫ്‌ഐആറിലെ പരാമര്‍ശം. കേസിനെ അപലപിച്ച എഡിറ്റേഴ്‌സ് ഗില്‍ഡ്, ആഭ്യന്തര അന്വേഷണം നടത്തി ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയാണു വേണ്ടതെന്ന് ചൂണ്ടിക്കാട്ടുന്നു.ആര്‍ക്കും ചോര്‍ത്താനും ദുരുപയോഗപ്പെടുത്താനും സാധിക്കുമാറ് അത്ര ലാഘവത്തോടെയാണ് ആധാര്‍ കൈകാര്യം ചെയ്യുന്നതെങ്കില്‍ ഗൗരവം വര്‍ധിക്കുന്നു.  ആധാര്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളാണ് ദിവസേന പുറത്തുവരുന്നത്. സാങ്കേതികവിദ്യയുടെ വികാസം വിവരങ്ങള്‍ ചോര്‍ത്തുന്നതിലും ആശങ്കകളാണ് നല്‍കുന്നത്. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പുനരാലോചനയ്ക്ക് തയ്യാറാവണം. പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിന് പകരം അത് ചൂണ്ടിക്കാട്ടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അധികാരം പ്രയോഗിക്കുന്നത് ശരിയായ രീതിയല്ല.
Next Story

RELATED STORIES

Share it