ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്‌

ന്യൂഡല്‍ഹി: ധനബില്ലായി ആധാര്‍ നിയമം പാസാക്കിയത് പൂര്‍ണമായും ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഇത് ഭരണഘടനയുടെ മറവില്‍ നടന്ന തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികളില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് വിയോജിച്ചുകൊണ്ടാണ് ചന്ദ്രചൂഡ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
പൗരന്‍മാര്‍ക്കിടയില്‍ വിവേചനം പാടില്ലെന്ന ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്റെ ലംഘനമാണ് ആധാര്‍ നിയമം. ഇതു പൗരന്റെ സ്വകാര്യത ഹനിക്കുന്നതാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണ്. ധനബില്ലായി ആധാര്‍ കൊണ്ടുവന്നത് നിയമവിരുദ്ധമായതിനാല്‍ അത് റദ്ദാക്കണമെന്നും ചന്ദ്രചൂഡിന്റെ വിധിന്യായത്തില്‍ പറയുന്നുണ്ട്.
ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച ചൂണ്ടിക്കാട്ടി നിഷേധിക്കാനാവില്ല. ടെലികോം കമ്പനികള്‍ വ്യക്തികളില്‍ നിന്ന് ശേഖരിച്ച ആധാര്‍ വിവരങ്ങള്‍ മായ്ച്ചുകളയണം. വിവരങ്ങള്‍ ശേഖരിക്കുന്നതിന് വ്യക്തികളുടെ സമ്മതം വാങ്ങാത്തത് ശരിയല്ല. ഇത്തരം വിവരങ്ങള്‍ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ പോലും അറിയാന്‍ ഭാവിയില്‍ ദുരുപയോഗം ചെയ്‌തേക്കാം. ആധാറിനായി ശേഖരിക്കുന്ന വിവരങ്ങള്‍ ചോരുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it