Flash News

ആധാര്‍: പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയം നീട്ടി

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2019 മാര്‍ച്ച് 31 വരേ നീട്ടി. ഇന്നലെയാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചത്. ആധാറിന്റെ സാധുത സംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സമയപരിധി അവസാനിച്ചത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ (സിബിഡിടി) അവസാന വിജ്ഞാപന പ്രകാരം 2018 ജൂണ്‍ 30 ആണ് ആധാറും പാനും ബന്ധിപ്പിക്കേണ്ട അവസാന തിയ്യതി. പുതിയ തിയ്യതി പ്രഖ്യാപിക്കുന്നതിനു പകരം ഇന്നലെയാണ് അവസാന ദിവസമെന്ന് അറിയിച്ച് സിബിഡിടി വാര്‍ത്താക്കുറിപ്പ് ഇറക്കി. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായനികുതി നിയമ പ്രകാരം പാന്‍ കാര്‍ഡ് അസാധുവാകും. ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാത്തവര്‍ക്ക് ആദായനികുതി റിട്ടേണ്‍ നല്‍കാനും പ്രയാസമാവും. അതേസമയം, ആധാര്‍ നമ്പറിനു പകരം വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനുള്ള സേവനങ്ങള്‍ക്കായി 16 അക്കങ്ങളുള്ള ആധാര്‍ വിര്‍ച്വല്‍ ഐഡി ഇന്നു മുതല്‍ ഉപയോഗിക്കാന്‍ സാധിക്കും. ആധാര്‍ ബയോമെട്രിക് കാര്‍ഡിലെ 12 അക്ക നമ്പറിനു പകരം താല്‍ക്കാലികമായി മറ്റൊരു രഹസ്യ നമ്പര്‍ പങ്കുവയ്ക്കുന്ന സംവിധാനമായ വിര്‍ച്വല്‍ ഐഡി ജൂലൈ 1 മുതല്‍ നടപ്പാക്കുമെന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചിരുന്നു. ബാങ്കുകള്‍, ഇ-വാലറ്റുകള്‍, ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ അടക്കമുള്ള സേവനങ്ങള്‍ക്ക് ആധാര്‍ നമ്പറിനു പകരം വിര്‍ച്വല്‍ ഐഡി ഉപയോഗിക്കാം. യുഐഡിഎഐ വെബ്‌സൈറ്റ്, ഔദ്യോഗിക ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍ എന്നിവ മുഖേന ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വിര്‍ച്വല്‍ ഐഡി ഉണ്ടാക്കാന്‍ കഴിയും. ഈ സേവനം ലഭ്യമാക്കാന്‍ ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണം. ആധാര്‍ ഉള്ളവര്‍ക്ക് വിര്‍ച്വല്‍ ഐഡി എത്ര തവണ വേണമെങ്കിലും മാറ്റം വരുത്താം. നിശ്ചിത സമയപരിധി കഴിയുമ്പോള്‍ വിര്‍ച്വല്‍ ഐഡി പുതുക്കേണ്ടിവരും.
Next Story

RELATED STORIES

Share it