Flash News

ആധാര്‍ കേസ് : ജസ്റ്റിസ് നാഗേശ്വര്‍ റാവു പിന്മാറി



ന്യൂഡല്‍ഹി: ആധാറുമായി ബന്ധപ്പെട്ട കേസ് കേള്‍ക്കുന്ന സുപ്രിംകോടതി ബെഞ്ചില്‍ നിന്നു ജസ്റ്റിസ് നാഗേശ്വര്‍ റാവു പിന്മാറി.  അഭിഭാഷകനായിരിക്കെ മുമ്പ് ആധാര്‍ കേസില്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സാഹചര്യത്തിലാണ് ജസ്റ്റിസ് നാഗേശ്വര്‍ റാവുവിന്റെ പിന്മാറ്റം. കേന്ദ്രസര്‍ക്കാരിന്റെ വിവിധ സാമൂഹികക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്യുന്ന പൊതുതാല്‍പര്യ ഹരജിയാണ് സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് മുമ്പാകെയുള്ളത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന ഉത്തരവ് മറികടന്ന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനം ചോദ്യംചെയ്യുന്ന ഹരജി ഇന്നലെ പരിഗണിക്കാനിരിക്കെയാണ് ജഡ്ജിയുടെ പിന്മാറ്റം. കേസ് പരിഗണിക്കേണ്ട പുതിയ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ ഉടന്‍ പ്രഖ്യാപിക്കും.മുത്ത്വലാഖ് കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ച് മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാനാണ് ആധാര്‍ കേസ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ആധാര്‍ ഇല്ലാത്ത നിരവധി പേര്‍ക്ക് ജൂലൈ ഒന്നു മുതല്‍ കേന്ദ്ര സഹായം ലഭിക്കാത്ത ഗുരുതര സാഹചര്യമുണ്ടെന്നു ശ്യാം ദിവാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് കേസ് അടിയന്തരമായി വേനലവധിക്കു തന്നെ പരിഗണിക്കാന്‍ തീരുമാനമായത്.
Next Story

RELATED STORIES

Share it