ആധാര്‍: ഉത്തരവ് മറികടക്കാന്‍ സര്‍ക്കാര്‍ നീക്കം

കെ എ സലിം

ന്യൂഡല്‍ഹി: ആധാറിന്റെ സ്വകാര്യത ഉറപ്പുവരുത്തിയ സുപ്രിംകോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ നിയമരൂപീകരണം നടത്തും. ഇതിനായി നിയമമന്ത്രാലയം ആലോചന തുടങ്ങി.
നിലവില്‍ മൊബൈല്‍ കമ്പനികള്‍, സ്വകാര്യ ബാങ്കുകള്‍ തുടങ്ങിയവ ആധാര്‍ നമ്പര്‍ വേഗത്തിലുള്ള ആധികാരികതാ പരിശോധനാ സംവിധാനമായി ഉപയോഗിക്കുന്നുണ്ട്. ഇതു നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇതിനായുള്ള നീക്കം നടത്തുന്നത്.
സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നതിന് ഏതെങ്കിലും നിയമം ആവശ്യമാണെങ്കില്‍ അക്കാര്യം ആലോചിക്കാമെന്നായിരുന്നു വിധി വന്നയുടനെ ധനകാര്യമന്ത്രിയും അഭിഭാഷകനുമായി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതികരണം. സര്‍ക്കാര്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
നിയമത്തിലെ സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ അനുമതി നല്‍കുന്ന 57ാം വകുപ്പ് ഭാഗികമായി റദ്ദാക്കുക മാത്രമാണു ചെയ്തിരിക്കുന്നതെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തുടര്‍നടപടികള്‍ ആലോചിക്കുന്നതിന് ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി കൂടിയാലോചന നടത്തും.
സിബിഎസ്ഇ പരീക്ഷകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാനവ വിഭവശേഷി മന്ത്രാലയം, ബാങ്കുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനമന്ത്രാലയം, മൊബൈല്‍ കമ്പനികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ടെലികോം മന്ത്രാലയം തുടങ്ങിയവയുമായി ചര്‍ച്ചകള്‍ നടത്തണം. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നു രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോടതി ഉത്തരവില്‍ ധനകാര്യ സാങ്കേതിക സ്ഥാപനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ആധാര്‍ ആക്റ്റിലെ വകുപ്പുകളായ 33 (2), 47, 57 എന്നിവയാണ് സുപ്രിംകോടതി റദ്ദാക്കിയത്. വിധി പ്രസ്താവിച്ച അഞ്ചംഗ ബെഞ്ചിലെ ഭൂരിഭാഗം പേരും ഈ വകുപ്പ് റദ്ദാക്കണമെന്ന അഭിപ്രായക്കാരായിരുന്നു. ഇതില്‍ സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന നിയമത്തിലെ 57ാം വകുപ്പ് ഒഴിവാക്കിയതാണ് സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിരിക്കുന്നത്.
സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു കോടതി കണ്ടെത്തിയത്. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മൊബൈല്‍ കമ്പനികളും ഇ-വാലറ്റ് കമ്പനികളും ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് എടുത്തുകളയുന്നതോടെ സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാന്‍ അധികാരമുണ്ടാവില്ല.
Next Story

RELATED STORIES

Share it