Alappuzha local

ആദ്യ നിയമസഭയുടെ ഓര്‍മകളില്‍ ഗൗരിയമ്മ ; കൂട്ടിന് സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രിമാരും



ആലപ്പുഴ: ഐക്യകേരളത്തിലെ ആദ്യനിയമസഭയില്‍ തന്റെ ഇടം ഇടതുവശത്തെ രണ്ടാമത്തെ കസേരയായിരുന്നുവെന്ന് ഗൗരിയമ്മ ഓര്‍മിക്കുന്നു. തന്നെയാദരിക്കാന്‍ മുഖ്യമന്ത്രിയും സ്പീക്കറുമുള്‍പ്പടെയുള്ളവര്‍ എത്തുന്നതിനിടെയാണ് പഴയ ഓര്‍മകള്‍ ഗൗരിയമ്മ അയവിറക്കിയത്. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ എന്നിവരോടായിരുന്നു സ്മരണ പുതുക്കല്‍. ആദ്യനിയമസഭ യോഗം ചേര്‍ന്നതിന്റെ 60ാം വാര്‍ഷികമായിരുന്നു ഇന്നലെ. ഇക്കാര്യവും അതിന്റെ സ്മരണയ്ക്കായി നിയമസഭ സമ്മേളനവും പഴയ സഭാമന്ദിരത്തിലാണ് നടത്തിയതെന്ന്  മന്ത്രി സുധാകരന്‍ പറഞ്ഞപ്പോഴായിരുന്നു പഴയസ്മരണകള്‍ ഗൗരിയയമ്മ അയവിറക്കിയത്. മുന്‍മന്ത്രി സി ദിവാകരന്‍ ഇന്നലെ ഗൗരിയമ്മയുടെ പഴയ ഇരിപ്പിടത്തിലാണ് ഇരുന്നതെന്ന് പറഞ്ഞിരുന്നതായി മന്ത്രി സുധാകരന്‍ പറഞ്ഞു. ആദരിക്കല്‍ ചടങ്ങ് അറിഞ്ഞ് ചാത്തനാട്ടേ വീട്ടിലേക്ക് അയല്‍വാസികള്‍ ഉള്‍പ്പടെയുള്ളവര്‍ ഒഴുകുകയായിരുന്നു. മൂന്നര മണിയായപ്പോള്‍ തന്നെ ആദരിക്കല്‍ ചടങ്ങിന്റെ പ്രധാന സംഘാടകരില്‍ ഒരാളായ വ്യവസായമന്ത്രി എ സി മൊയ്തീനെത്തി. സ്ഥലത്തെ കാര്യങ്ങളെല്ലാം നോക്കിയ മന്ത്രി തിരക്കിനിടയില്‍ നിന്ന് മാറിയപ്പോഴേക്കും ഭക്ഷ്യമന്ത്രി പി തിലോത്തമനെത്തി. അകത്തെ മുറിയില്‍ മന്ത്രിയും ഗൗരിയമ്മയും ഇരിക്കുന്നതിനിടെയാണ് പൊതുമരാമത്ത്മന്ത്രി ജി സുധാകരനെത്തിയത്. അടുത്തുള്ള കസേര ചൂണ്ടി ഇരിക്കാന്‍ പറഞ്ഞെങ്കിലും ഗൗരിയമ്മയും മുഖ്യമന്ത്രിയും സ്പീക്കറും മാത്രമിരുന്നാല്‍ മതിയെന്നും തനിക്കു കസേര വേണ്ടന്നും ഗൗരിയമ്മയെ അറിയിച്ചു. ഗൗരിയമ്മയുടെ തൊട്ടടുത്തായി അദ്ദേഹം നിലയുറപ്പിച്ചു. അധികം താമസിയാതെ തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കൃഷിമന്ത്രി വി എസ് സുനില്‍കുമാറുമെത്തി. സ്ഥിരം വരുന്നവരില്‍ ഒരാളായിരുന്നു സുധാകരനെന്നും തനിക്കു മകനെപ്പോലെയാണെന്നും ഗൗരിയമ്മ എല്ലാവരോടുമായി പറഞ്ഞു. സംഭാഷണം മുറുകുന്നതിനിടെ എല്ലാവര്‍ക്കും മീന്‍കറി തയ്യാറാക്കിയിട്ടുന്നെും അതു കഴിച്ചിട്ടേ പോകാവൂ എന്നും ഗൗരിയമ്മ ഓര്‍മിപ്പിച്ചു. പഴയകാലത്ത് നേതാക്കളൊക്കെ വരുമ്പോള്‍ കരിമീന്‍ കറി പതിവായിരുന്നുവെന്നും ഗൗരിയമ്മ ഓര്‍ത്തെടുത്തു. ഇതിനിടെ മുഖ്യമന്ത്രി ജില്ല കമ്മിറ്റി ഓഫിസിലെത്തിയെന്ന അറിയിപ്പുണ്ടായി. അപ്പോള്‍ തന്നെ മുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളായി. അണിയിക്കാന്‍ പഞ്ഞിയിലുള്ള ചുവന്നഹാരം തയ്യാറാക്കിയിരുന്നു. എത്താന്‍ ഇനിയും സമയമുണ്ടെന്നും ഗൗരിയമ്മ ഇരുന്നോളാന്‍ മന്ത്രി സുധാകരന്‍ പറഞ്ഞു. 4.15ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എത്തി അല്‍പ്പനേരം കുശലം പറച്ചില്‍. അപ്പോഴേക്കും നാലരമണിയായി. മുഖ്യമന്ത്രിയുടെ വരവും. രക്തഹാരം കൈയ്യില്‍ പിടിച്ച് ഗൗരിയമ്മ മുഖ്യമന്ത്രിയെ അണിയിക്കാന്‍ തയ്യാറെടുത്തു നിന്നു.   മുഖ്യമന്ത്രി അടുത്തെത്തി മാലയിടാന്‍ തുടങ്ങുമ്പോഴേക്കും മുഖ്യമന്ത്രിയും മാലയില്‍ പിടിച്ചു ഗൗരിയമ്മയെ അണിയിക്കാന്‍ നോക്കിയത് കൂടിയിരുന്നവരില്‍ ചിരിപടര്‍ത്തി. കരിമീന്‍ കറിയും മറ്റും  തയ്യാറാക്കിയിട്ടുള്ളത് ഗൗരിയമ്മ മുഖ്യമന്ത്രിയേയും അറിയിച്ചു. കഴിച്ചിട്ടേ പോകാവു എന്ന അഭ്യര്‍ഥനയില്‍ മുഖ്യമന്ത്രി തലകുലുക്കി. പിന്നാലെ ഇപ്പോള്‍ കരിമീന്‍ ആന്ധ്രയില്‍ നിന്നാണല്ലോ കൂടുതലും വരുന്നതെന്നായി ചോദ്യം. നല്ല കരിമീന്‍ തണ്ണീര്‍മുക്കത്ത് കിട്ടുമെന്ന്  മന്ത്രി തിലോത്തമന്‍. അപ്പോഴും ആലപ്പുഴ കരമീന്‍ തന്നെ രുചിയില്‍ കേമനെന്ന് ഗൗരിയമ്മയും വ്യക്തമാക്കി. മന്ത്രിമാര്‍ ഒഴികെയുള്ളവര്‍ക്കെല്ലാം ചായയും മറ്റും  തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ ഗൗരിയമ്മ അതെല്ലാവര്‍ക്കും നല്‍കാന്‍ പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ ചെയര്‍മാനായ സംഗീത് ചക്രപാണിക്കു നിര്‍ദേശവും നല്‍കിയ ശേഷമാണ് എല്ലാവരേയും കൂട്ടി ചായ കുടിക്കാനായി അകത്തേ മുറിയിലേക്കു പോയത്.
Next Story

RELATED STORIES

Share it