wayanad local

ആദിവാസിയുടെ ആടിനെ മോഷ്ടിച്ച് ഭക്ഷണമാക്കി; രണ്ടുപേര്‍ അറസ്റ്റില്‍

പുല്‍പ്പള്ളി: കോളറാട്ടുകുന്ന് പൈക്കമൂല ആദിവാസി കോളനിയിലെ ദീപേഷിന്റെ ആടിനെ മോഷ്ടിച്ച് കൊന്നുതിന്ന കേസിലെ പ്രതികളായ രണ്ടുപേരെ പുല്‍പ്പള്ളി പോലിസ് കസ്റ്റഡിയിലെടുത്തു. പുല്‍പ്പള്ളി ചെറ്റപ്പാലം കവളയ്ക്കല്‍ അജി വര്‍ഗീസ് (32), പുത്തന്‍കണ്ടത്തില്‍ സുബിന്‍ (30) എന്നിവരെയാണ് പുല്‍പ്പള്ളി അഡീഷനല്‍ എസ്‌ഐ ടി പി മാത്യുവും സംഘവും പിടികൂടിയത്.
സംഘത്തിലെ രണ്ടുപേരെ പിടികൂടാനുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് ആടിനെ മേയ്ച്ചുകൊണ്ടിരുന്ന സ്ത്രീകളുടെ കണ്‍മുന്നില്‍ നിന്ന് ആടിനെ തട്ടിയെടുത്തു കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടായതായും ആക്ഷേപമുണ്ട്. ആടിനെ മോഷ്ടിച്ച് ചെറ്റപ്പാലത്തെ അജി വര്‍ഗീസിന്റെ വീട്ടിലെത്തിയ സംഘം അവിടെ വച്ച് ആടിനെ കൊന്ന് പങ്കുവച്ച് ഭക്ഷിക്കുകയായിരുന്നു.
ആടിന്റെ ഉടമസ്ഥന്‍ ദീപേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളില്‍ രണ്ടുപേര്‍ വലയിലായത്. കാറിലെഴുതിയ പേര് ശ്രദ്ധിച്ച കോളനിവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലിസ് കെഎല്‍ 12 സി 4173 ടവേര കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിന്നീട് പ്രതികളെയും അറസ്റ്റ് ചെയ്തു. സംഘത്തിലെ മറ്റ് രണ്ടു പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു.
കോളനിയില്‍ നിന്നു മുമ്പും ആടുകള്‍ മോഷണം പോയിട്ടുണ്ടെന്നു കോളനിവാസികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it