wayanad local

ആദിവാസികളുടെ പേരില്‍ സ്ഥലം തീറാധാരം ചെയ്തവര്‍ ദുരിതത്തില്‍



കല്‍പ്പറ്റ: ആശിക്കുംഭൂമി ആദിവാസിക്കു സ്വന്തം പദ്ധതിയില്‍ പട്ടികവര്‍ഗക്കാരുടെ പേരില്‍ സ്ഥലം തീറാധാരം ചെയ്തവര്‍ ദുരിതത്തില്‍. ആധാരം രജിസ്റ്റര്‍ ചെയ്ത് 10 മാസം കഴിഞ്ഞിട്ടും സ്ഥലവില ലഭിക്കാത്തവര്‍ ജില്ലയില്‍ നിരവധി. ആശിച്ചഭൂമി എപ്പോള്‍ കൈവശം ലഭിക്കുമെന്നറിയാതെ ഉഴലുകയാണ് പദ്ധതി ഗുണഭോക്താക്കളായ ആദിവാസി കുടുംബങ്ങളും. ചികില്‍സ, പാര്‍പ്പിട നിര്‍മാണം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പണമില്ലാതെ വിഷമിച്ചിരുന്നവരാണ് ആശിക്കുംഭൂമി പദ്ധതിയില്‍ ഭൂമി വിറ്റവരില്‍ അധികവും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൂമി പദ്ധതി ഗുണഭോക്താവിനു എഴുതിക്കൊടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ പണം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. മാസങ്ങള്‍ കഴിഞ്ഞിട്ടും പണം നല്‍കാന്‍ ജില്ലാ ഭരണകൂടം തയാറായില്ല. ഭൂവില ആവശ്യപ്പെട്ട് ഓഫിസുകളില്‍ എത്തുന്നവരെ തട്ടുമുട്ട് ന്യായങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയാണ് ഉദ്യോഗസ്ഥര്‍. 25 സെന്റില്‍ കുറയാതെയും ഒരേക്കറില്‍ കൂടാതെയും കൃഷിക്കും വാസത്തിനും യോജിച്ചതും ബാധ്യതകളില്ലാത്തുമായ ഭൂമി 10 ലക്ഷം രൂപയില്‍ കവിയാത്ത വിലയ്ക്ക് വാങ്ങുന്നതിനു ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക്  സഹായധനം നല്‍കുന്നതാണ് ആശിക്കും ഭൂമി പദ്ധതി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 2013 സെപ്റ്റംബര്‍ മൂന്നിനു പുറപ്പെടുവിച്ച ഉത്തരവനുസരിച്ചാണിത് പ്രാബല്യത്തിലായത്. ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് ആദിവാസികള്‍ക്ക് ഭൂമി വിലയ്ക്കുവാങ്ങി നല്‍കുന്നതിന് കഴിഞ്ഞ  അച്യുതാനന്ദന്‍ സര്‍ക്കാര്‍    കൊണ്ടുവന്ന  50 കോടി രൂപയുടെ പദ്ധതി എങ്ങുമെത്തിയിരുന്നില്ല. 2010 ജനുവരി ഒന്നിലെ  സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എംപവേര്‍ഡ് മിഷന്‍  തീരുമാനിച്ചതനുസരിച്ചാണ്  വയനാട്ടിലെ  ആദിവാസികള്‍ക്കായി ആയിരം ഏക്കര്‍ ഭൂമി വിലയ്ക്കുവാങ്ങുന്നതിനു  50  കോടി രൂപ അനുവദിച്ചത്.  തുക കളക്ടറുടെ അക്കൗണ്ടില്‍ എത്തിയെങ്കിലും  ഭൂമി കണ്ടെത്തി വിലയ്ക്കുവാങ്ങാനും ആദിവാസികള്‍ക്ക്  നല്‍കാനും ജില്ലാ ഭരണകൂടത്തിനു കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലായിരുന്നു ആശിക്കുംഭൂമി ആദിവാസിക്കു സ്വന്തം പദ്ധതിയുടെ പ്രഖ്യാപനം. 2014ല്‍ പ്രാവര്‍ത്തികമാക്കിയതിനു പിന്നാലെ  പദ്ധതിയുടെ മറവില്‍ പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും വസ്തു ഇടപാടുകാരും ഉള്‍പ്പെടുന്ന സംഘം അഴിമതി നടത്തുന്നുവെന്ന് ആരോപണം ഉയരുകയുണ്ടായി. ദല്ലാളരുമായി ഒത്തുകളിച്ചും കൃഷിക്കും വാസത്തിനും യോഗ്യമല്ലാത്ത സ്ഥലങ്ങള്‍ വന്‍വില നിശ്ചയിച്ച് ആദിവാസികളില്‍ കെട്ടിയേല്‍പ്പിച്ചും ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ട് ലക്ഷക്കണക്കിനു രൂപ കീശയിലാക്കുന്നുവെന്നായിരുന്നു ആരോപണം. ഈ സാഹചര്യത്തില്‍  2015 ജൂണില്‍ ജില്ലാ കളക്ടര്‍ മുന്‍കൈയെടുത്ത് ആദിവാസി സംഘടനാ നേതാക്കളെയും ഉള്‍പ്പെടുത്തി പര്‍ച്ചേസിങ് കമ്മിറ്റി രൂപീകരിച്ചു.  വാങ്ങുന്നതിനു പരിഗണനയിലുള്ള ഭൂമി വാസത്തിനും കൃഷിക്കും യോജിച്ചതാണോ എന്ന് പരിശോധിച്ച് ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് കൃത്യവും സത്യസന്ധവുമായ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു കമ്മിറ്റിയിലെ ആദിവാസി സംഘടനാ പ്രതിനിധികളുടെ ചുമതല. കമ്മിറ്റി രൂപീകരണത്തിനുശേഷം നടന്ന സ്ഥലം ഇടപാടുകളില്‍ ചിലതും അഴിമതി ആരോപണങ്ങളില്‍ മുങ്ങിയത് വിജിന്‍സ് അന്വേഷണത്തിനു കാരണമായിരുന്നു.
Next Story

RELATED STORIES

Share it