Flash News

ആത്മഹത്യാ പ്രേരണ : മാധ്യമപ്രവര്‍ത്തകയ്ക്ക് മുന്‍കൂര്‍ ജാമ്യം



മുംബൈ: സൈനികനെ ആത്മഹത്യ—ക്ക് പ്രേരിപ്പിച്ചുവെന്ന കേസില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മുന്‍കൂര്‍ ജാമ്യം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക പൂനം അഗര്‍വാളിനാണ് ജാമ്യം ലഭിച്ചത്. വിമുക്തഭടന്‍ ദീപ്ചന്ദ് സിങിനും ജസ്റ്റിസ് രേവതി മോഹിനി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. മലയാളി ജവാന്‍ റോയി മാത്യുവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നാരോപിച്ച് നാസിക് പോലിസാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. അധികാരികളുടെ അനുമതി ഇല്ലാതെ നാസിക്കിലെ ദേവ്‌ലാലി സൈനിക ക്യാംപില്‍ പ്രവേശിച്ച് സൈന്യത്തിലെ സഹായക് സമ്പ്രദായത്തെ പൂനം ഒളികാമറയിലൂടെ തുറന്നുകാണിച്ചുവെന്നാണ് പോലിസ് പറയുന്നത്. ഇതേതുടര്‍ന്നുണ്ടായ അപമാനവും ഭയവുംമൂലം റോയ് ആത്മത്യ ചെയ്തുവെന്നും പോലിസ് പറയുന്നു. റോയിയുടെ ആത്മഹത്യയെ തുടര്‍ന്നായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുതാല്‍പര്യ പ്രകാരമാണ് ഒളികാമറയിലൂടെ സംഭവം പുറംലോകത്തെത്തിച്ചതെന്ന് പൂനത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമിത് ദേശായ് വാദിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോവുന്നതടക്കമുള്ള ജോലികള്‍ ജവാന്‍മാര്‍ ചെയ്യുന്നത് പുറത്ത് കൊണ്ടുവരുകയായിരുന്നു ഒളികാമറയുടെ ലക്ഷ്യമെന്ന് ദൃശ്യങ്ങള്‍ കണ്ട ശേഷം കോടതി പറഞ്ഞു. ഐപിസി പ്രകാരമോ, ഔദ്യോഗിക രഹസ്യ നിയമ പ്രകാരമോ, കുറ്റം ചെയ്തുവോ എന്നത് സംശയാസ്പദമാണെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it