Kollam Local

ആഗോള കേരളീയ മാധ്യമ സംഗമം കൊല്ലത്ത്‌

കൊല്ലം:ലോക കേരള സഭയ്ക്ക് മുന്നോടിയായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ കൂട്ടായ്മ എന്ന നിലയില്‍ സംഘടിപ്പിക്കുന്ന ആഗോള കേരളീയ മാധ്യമ സംഗമം അഞ്ചിന് കൊല്ലം ബീച്ച് ഹോട്ടലില്‍ നടക്കും. സംഗമത്തില്‍ അമേരിക്കയില്‍ നിന്ന് 15 പ്രതിനിധികള്‍സംബന്ധിക്കും. ഇതു കൂടാതെ യുകെ, ആസ്‌ത്രേലിയ, ഗള്‍ഫ് നാടുകള്‍, ഇന്ത്യയിലെ പ്രമുഖ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പങ്കെടുക്കും. നോര്‍ക്ക, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, കൊല്ലം പ്രസ്‌ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ കേരള മീഡിയ അക്കാഡമിയാണ് സംഗമം സംഘടിപ്പിക്കുന്നത്.ലോക കേരള സഭയുടെ രൂപീകരണ സമ്മേളനത്തിന് പ്രവാസി മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഉച്ചയ്ക്ക് 2.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജു എന്നിവര്‍ പങ്കെടുക്കും. അമേരിക്കയിലെ ഇന്ത്യന്‍ പ്രസ്‌ക്ലബ്ബ് കേരള മീഡിയ അക്കാദമിയിലെ സമര്‍ഥരായ വിദ്യാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന പദ്ധതിയുടെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും.മാധ്യമ സംഗമത്തോടനുബന്ധിച്ച് ഇന്നുമുതല്‍ അഞ്ചുവരെ കൊല്ലം പ്രസ്‌ക്ലബ്ബ മൈതാനിയില്‍ ഫോട്ടോ-കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടക്കും. ശങ്കര്‍, അബു എബ്രഹാം തുടങ്ങി വിദേശത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെ സൃഷ്ടികളാണ്പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തിരുനെല്‍വേലിയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തി ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെയുംകലക്ടറെയും പോലിസിനെയുംവിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് പോലിസ് അറസ്റ്റ് ചെയ്ത കാര്‍ട്ടൂണിസ്റ്റ് ജി ബാല ഇന്ന് വൈകീട്ട് നാലിന് കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഓഖി ദുരന്ത ബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനുമായി മല്‍സ്യത്തൊഴിലാളികളും പത്രപ്രവര്‍ത്തകരും ചേര്‍ന്ന് ആയിരം മെഴുകുതിരികള്‍ കത്തിക്കും. നാളെ രാവിലെ 11.30ന് കൊല്ലം പ്രസ്‌ക്ലബ്ബ് അംഗങ്ങളും വിദേശ മലയാളി പത്രപ്രവര്‍ത്തകരുമായി മുഖാമുഖംപരിപാടിയും നടക്കും.വാര്‍ത്താസമ്മേളനത്തില്‍ മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത്, സെക്രട്ടറി ജി ബിജു, മീഡിയ അക്കാദമി സെക്രട്ടറി കെ ജി സന്തോഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ് പങ്കെടുത്തു.
Next Story

RELATED STORIES

Share it